8 വിംബിൾഡൺ ലക്ഷ്യമിട്ട് തന്റെ 11ാം ഫൈനലിൽ സെറീന വില്യംസ്‌

തന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ്‌ പുറത്തെടുത്തപ്പോൾ രണ്ടാം സെമിഫൈനൽ നീണ്ടു നിന്നത് വെറും 59 മിനിറ്റുകൾ മാത്രം. തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന ചെക് റിപ്പബ്ലിക് താരം 33 കാരി സ്റ്ററയ്കോവക്കു എതിരെ അസാമാന്യ ഫോമിലായിരുന്നു തന്റെ 12 മത്തെ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന 11 സീഡ് സെറീന വില്യംസ്‌.

ഇതിനു മുമ്പ് 2000 ത്തിൽ മാത്രം തന്റെ സഹോദരി വീനസ് വില്യംസിനോട് മാത്രം വിംബിൾഡൺ സെമിഫൈനലിൽ തോൽവി അറിഞ്ഞിട്ടുള്ള സെറീന ലക്ഷ്യമിട്ടത് വിംബിൾഡനിലെ തന്റെ 98 മത്തെ ജയവും കൂടിയായിരുന്നു. ആദ്യ സെറ്റിൽ ചെക് താരത്തിന്റെ രണ്ടും മൂന്നും സർവീസുകൾ ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിലെ ആധിപത്യം തുടക്കത്തിലെ പിടിച്ചു.

ഒന്ന് പൊരുതി നോക്കിയ ചെക് താരം സെറീനയുടെ സർവീസ് ഭേദിക്കാനുള്ള അവസരം ഉണ്ടാക്കി എടുത്തതെങ്കിലും സെറീന വഴങ്ങിയില്ല. 6-1 നു സെറീനക്കു ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ കുറച്ച് കൂടി മികച്ച പ്രകടനം ചെക് താരത്തിൽ നിന്നുണ്ടായെങ്കിലും സെറീനക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അത് മതിയായിരുന്നില്ല. പിഴവുകൾ കൂടി വരുത്തിയ ചെക് താരത്തിന്റെ സർവീസുകളും അനായാസം ഭേദിച്ച സെറീന രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി.

തന്റെ എട്ടാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കടുത്ത പോരാട്ടമാവും ഫൈനലിൽ നേരിടേണ്ടി വരിക. തന്റെ ആദ്യ വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന 7 സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ് ആണ്‌ സെറീന വില്യംസിന്റെ ഫൈനലിലെ എതിരാളി.

Loading...