സെവർവും സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

- Advertisement -

6 സീഡും 11 തവണ എ. ടി. പി കിരീടജേതാവും ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായാണ് ജർമ്മൻ താരം യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 5 സെറ്റ് നീണ്ട വലിയ പോരാട്ടം അതിജീവിച്ച് നാലാം റൗണ്ടിൽ കടന്ന സെവർവ്വ് 4 സെറ്റ് പോരാട്ടത്തിന് ശേഷമാണ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. സ്ലോവേനിയൻ താരം അലിയാസ് ബെദ്ധേനയെ ആണ് സെവർവ്വ് മറികടന്നത്. ആദ്യ സെറ്റിൽ വളരെ പിന്നിൽ നിന്ന ശേഷം ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ സ്ലോവേനിയൻ താരം സെവർവിനെ ആദ്യം ഞെട്ടിച്ചു. എന്നാൽ മൂന്നു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജർമ്മൻ താരം മൂന്നാം സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. നാലാം സെറ്റും മറ്റൊരു ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ സെവർവ്വ് തന്റെ ആദ്യ യു.എസ് ഓപ്പൺ നാലാം റൗണ്ട് മത്സരത്തിലേക്ക് മാർച്ച് ചെയ്തു.

അതേസമയം 13 സീഡ് ഫ്രഞ്ച്‌ താരം ഗെയിൽ മോൻഫിൽസും നാലാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത കനേഡിയൻ താരം ഡെന്നിസ് ഷാപോവലോവിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ആണ് ഫ്രഞ്ച് താരം മറികടന്നത്. 3 ടൈബ്രേക്കറുകൾ പിറന്ന മത്സരത്തിൽ 6-7, 7-6, 6-4, 6-7, 6-3 എന്ന സ്കോറിന് ആയിരുന്നു ഫ്രഞ്ച്‌ താരത്തിന്റെ ജയം. അതേസമയം കരുത്തരുടെ പോരാട്ടത്തിൽ 14 സീഡ് അമേരിക്കയുടെ ജോൺ ഇസ്‌നറെ തോൽപ്പിച്ച് ക്രൊയേഷ്യൻ താരവും 22 സീഡുമായ മാരിൻ സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇസ്‌നറുടെ വലിയ സർവീസുകൾക്കു പ്രതിരോധം തീർത്ത സിലിച്ച് 4 സെറ്റ് നീണ്ട മത്സരത്തിനു ഒടുവിൽ ആണ് ജയം കണ്ടത്. സ്‌കോർ 7-5, 3-6, 7-6, 6-4.

Advertisement