യു.എസ് ഓപ്പണിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ മൂന്നാം റൗണ്ടിൽ. അർജന്റീനൻ താരം ഫെഡറികോ കോറിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത അൽകാരസ് 6-2, 6-1, 7-5 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി. പോർച്ചുഗീസ് താരം ജാവോ സൗസയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബ്രിട്ടീഷ് താരവും ഏഴാം സീഡും ആയ കാമറൂൺ നോറി മറികടന്നത്. 6-4, 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് ഒന്നാം നമ്പർ താരത്തിന്റെ ജയം.
ജപ്പാൻ താരം സൂ വൂവിനെ 6-3, 6-0, 6-4 എന്ന സ്കോറിന് തകർത്ത ഒമ്പതാം സീഡ് ആന്ദ്ര റൂബ്ലേവും മൂന്നാം റൗണ്ടിൽ എത്തി. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത റൂബ്ലേവ് ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. അമേരിക്കൻ താരം ക്രിസ്റ്റഫറിനെ 6-4, 7-6, 6-2 എന്ന സ്കോറിന് മറികടന്ന 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ, സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ 6-3, 7-6, 6-3 എന്ന സ്കോറിന് മറികടന്ന 15 സീഡ് മാരിൻ ചിലിച് എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരം ബ്രാണ്ടൻ നകഷിമയോട് 7-6, 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് പരാജയപ്പെട്ട 17 സീഡ് ഗ്രിഗോർ ദിമിത്രോവ്, അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയോട് നേരിട്ടുള്ള സ്കോറിന് പരാജയപ്പെട്ട 25 സീഡ് ബോർണ ചോരിച് എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി.