യു.എസ് ഓപ്പണിൽ ആദ്യ മത്സരത്തിൽ 2019 ലെ ജേതാവ് ആയ ആറാം സീഡ് കനേഡിയൻ താരം ബിയാങ്ക അന്ദ്രീസ്കു മൂന്നു സെറ്റ് പോരാട്ടം അതിജീവിച്ചു ജയം കണ്ടു. സ്വിസ് താരം വിക്ടോറിയ ആണ് ബിയാങ്കക്ക് കടുത്ത പോരാട്ടം നൽകിയത്. കടുത്ത പോരാട്ടത്തിൽ 7-5, 4-6, 7-5 എന്ന സ്കോറിന് ആണ് ബിയാങ്ക ജയം കണ്ടത്. 2019 ലെ ജയത്തിനു ശേഷം ആദ്യമായാണ് ബിയാങ്ക ന്യൂയോർക്കിൽ കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത ബിയാങ്കയെ 3 തവണയാണ് എതിരാളി ബ്രൈക്ക് ചെയ്തത് എന്നാൽ 4 തവണ ബ്രൈക്ക് കണ്ടത്തിയ ബിയാങ്ക നിർണായക ജയം കണ്ടത്തുക ആയിരുന്നു. അമേരിക്കൻ താരം ആലിസൻ റിസ്കിനെ 6-4, 6-2 എന്ന സ്കോറിന് തകർത്തു 14 സീഡ് അനസ്ത്യാഷ്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ 10 സീഡ് പെട്ര ക്വിറ്റോവ അതിശക്തമായ പ്രകടനം ആണ് ആദ്യ റൗണ്ടിൽ പുറത്ത് എടുത്തത്. സീഡ് ചെയ്യാത്ത പൊലാണ ഹെർകോഗിനെ 6-1, 6-2 എന്ന സ്കോറിന് ആണ് ചെക് റിപ്പബ്ലിക് താരം തകർത്തത്. മത്സരത്തിൽ ലഭിച്ച 4 ബ്രൈക്കുകളും ക്വിറ്റോവ മുതലെടുത്തു. അതേസമയം 22 സീഡ് മറ്റൊരു ചെക് താരമായ കരോലിന മുച്ചോവ ആദ്യ റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത സ്‌പാനിഷ് താരം സാറ ടോർമോ ആണ് ചെക് താരത്തെ അട്ടിമറിച്ചത്. 6-2 നു ആദ്യ സെറ്റ് നേടിയ സ്പാനിഷ് താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി മത്സരം സ്വന്തമാക്കി.