യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കിരീടം നേടി 14 സീഡ് ആയ ഓസ്‌ട്രേലിയൻ, ചൈനീസ് സഖ്യമായ സാമന്ത സ്റ്റോസർ, സാങ് ഷുയ് സഖ്യം. അമേരിക്കൻ സഖ്യമായ 11 സീഡ് കൊക്കോ ഗോഫ്, കാറ്റി മകനെല്ലി സഖ്യത്തെയാണ് ചൈനീസ്, ഓസ്‌ട്രേലിയൻ സഖ്യം ഫൈനലിൽ മറികടന്നത്. 17 കാരിയായ കൊക്കോ ഗോഫ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിട്ട് വന്നപ്പോൾ നാലാം ഡബിൾസ് ഗ്രാന്റ് സ്‌ലാം കിരീടം ആയിരുന്നു 37 കാരിയായ സാമന്തയുടെ ലക്ഷ്യം. യു.എസ് ഓപ്പൺ കിരീടത്തോടെ നാലാം ഡബിൾസ് കിരീടവും സഖ്യമായുള്ള രണ്ടാം കിരീടവും ഓസ്‌ട്രേലിയൻ താരം ഉറപ്പിച്ചു.
2011 ൽ സെറീന വില്യംസിനെ സിംഗിൾസ് ഫൈനലിൽ തോൽപ്പിച്ച ശേഷം 10 വർഷങ്ങൾക്ക് ശേഷമാണ് സാമന്ത യു.എസ് ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത്. 3 സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ 6-3 ആദ്യ സെറ്റ് സാമന്ത സഖ്യമാണ് നേടുന്നത്. എന്നാൽ അതേ സ്കോറിന് രണ്ടാം സെറ്റ് നേടിയ അമേരിക്കൻ സഖ്യം തിരിച്ചടിച്ചു. എന്നാൽ ബ്രൈക്ക് പോയിന്റ് അടക്കം രക്ഷിച്ചു മൂന്നാം സെറ്റ് 6-3 നു നേടിയ ഓസ്‌ട്രേലിയൻ, ചൈനീസ് സഖ്യം തങ്ങളുടെ അനുഭവസമ്പത്തിന്റെ ഫലത്തിലാണ് മത്സരം സ്വന്തം പേരിൽ കുറിച്ചത്.