സിംബാബ്‌വെ താരം ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സിംബാബ്വെയുടെ പ്രശസ്ത ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്ലർ വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 17 വർഷം നീണ്ടു നിന്ന കരിയർ അവസാനിപ്പിക്കുന്നതായി ടെയ്ലർ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു. 34കാരനായ സിംബാബ്വെയുടെ മുൻ ക്യാപ്റ്റൻ നാളെ നടക്കുന്ന അയർലണ്ടിനെതിരായ മത്സരത്തോടെ ആകും വിരമിക്കുക. 2004ൽ ആയിരുന്നു ടെയ്ലർ സിംബാബ്വെക്കായി അരങ്ങേറ്റം നടത്തിയത്.

ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 204 മത്സരങ്ങളിൽ നിന്ന് 6677 റൺസ് നേടാൻ താരത്തിനായി. ഏകദിനത്തിൽ 11 സെഞ്ച്വറികളും താരം രാജ്യത്തിനായി നേടി. 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2320 റൺസും 45 ടി20യിൽ നിന്ന് 934 റൺസും താരം രാജ്യത്തിനായി നേടി.

വിരമിക്കൽ പ്രഖ്യാപിക്കുന്നത് കടുത്ത വേദനയോടെ ആണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ എഴുതി. 2004ൽ താൻ ആദ്യമായി സിംബാബ്‌വെക്കായി കളിക്കുമ്പോൾ ടീമിനെ മെച്ചപ്പെട്ട സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം, ഞാൻ അത് ചെയ്തുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ടെയ്ലർ പറഞ്ഞു.