ദിവസങ്ങൾക്ക് മുമ്പ് വന്ന പഴയ കാമുകിയുടെ ഗാർഹിക പീഡന ആരോപണത്തിന്റെ വിവാദത്തിന് നടുവിലും യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി അലക്‌സാണ്ടർ സാഷ സെരവ്. അമേരിക്കൻ താരം സാം ക്വറിയെയാണ് നാലാം സീഡ് ആയ ജർമ്മൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തത്. 17 ഏസുകൾ ഉതിർത്ത സാമിനെ 4 തവണ ബ്രൈക്ക് ചെയ്ത സാഷ 18 ഏസുകളും ഉതിർത്തു. 6-4, 7-5, 6-2 എന്ന സ്കോറിന് ആയിരുന്നു സാഷ ജയം കണ്ടത്. ഒളിമ്പിക് സ്വർണം നേടിയ സെരവിന്റെ തുടർച്ചയായ പന്ത്രണ്ടാം ജയം ആയിരുന്നു ഇത്. ഇറ്റാലിയൻ താരം സാൽവസ്റ്റർ ക്രൂസോയെ നാലു സെറ്റിൽ വീഴ്ത്തിയ ജപ്പാൻ താരം കെയ് നിഷികോരിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
സീഡ് ചെയ്യാത്ത ഇഗോർ ഗരസ്മോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പോളണ്ട് താരവും പത്താം സീഡും ആയ ഉമ്പർട്ട് ഹുർകാഷ് വീഴ്ത്തിയത്. 6-3, 6-4, 6-3 എന്ന സ്കോറിന് അനായാസ ജയം വിംബിൾഡൺ സെമിഫൈനലിസ്റ്റ് ആയ താരം നേടി. 21 സീഡ് ആയ റഷ്യൻ താരം അസ്ലൻ, 22 സീഡ് അമേരിക്കൻ താരം റെയ്ലി ഒപൽക എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 25 സീഡ് ആയ റഷ്യൻ താരം കാരൻ ഖാചനോവിനെ വീഴ്ത്തി ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 5 സെറ്റ് പോരാട്ടത്തിൽ 6-4, 1-6, 4-6, 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു പരിചയസമ്പന്നനായ ഹാരിസിന്റെ ജയം.