ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി സാഷ, ക്വാർട്ടറിൽ എതിരാളി ലോയിഡ് ഹാരിസ്

20210907 023838

മുൻ കാമുകിയുടെ ഗാർഹിക പീഡന ആരോപണത്തിന് നടുവിലും കളത്തിൽ മികച്ച പ്രകടനം തുടർന്നു അലക്‌സാണ്ടർ സാഷ സെരവ്. 13 സീഡ് ആയ ഇറ്റാലിയൻ താരം യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നാലാം സീഡ് ആയ സാഷ അവസാന എട്ടിലേക്ക് മുന്നേറിയത്. ആദ്യ രണ്ടു സെറ്റുകളിൽ ഓരോ വീതം ബ്രൈക്ക് നേടിയ സാഷ 6-4, 6-4 എന്ന സ്കോറിന് സെറ്റുകൾ നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ബ്രൈക്ക് ആദ്യമായി വഴങ്ങിയെങ്കിലും ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ സാഷ നേരിട്ടുള്ള സെറ്റുകൾക്ക് ജയം സ്വന്തമാക്കി. 17 ഏസുകൾ ആണ് മത്സരത്തിൽ സാഷ ഉതിർത്തത്.

22 സീഡ് ആയ അമേരിക്കൻ താരം റൈയ്ലി ഒപൽകയെ വീഴ്ത്തി തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസ് ആണ് സാഷയുടെ അവസാന എട്ടിലെ എതിരാളി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ വഴങ്ങിയ ശേഷമാണ് ലോയിഡ് ഹാരിസ് മത്സരത്തിൽ ജയം കണ്ടത്. 6-4, 6-1, 6-3 എന്ന സ്കോറിന് ദക്ഷിണാഫ്രിക്കൻ താരം തുടർന്നുള്ള സെറ്റുകൾ നേടി ജയം സ്വന്തമാക്കി. വമ്പൻ സർവീസുകളും ആയി ഇരു താരങ്ങളും കളം നിറഞ്ഞ മത്സരത്തിൽ 24 ഏസുകൾ അമേരിക്കൻ താരം ഉതിർത്തപ്പോൾ 36 ഏസുകൾ ആണ് ലോയിഡ് ഹാരിസ് മത്സരത്തിൽ ഉതിർത്തത്.

Previous articleസ്വപ്ന കുതിപ്പ് തുടർന്ന് എമ്മ, ഇഗ, മുഗുരുസ പുറത്ത്
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ഐ എസ് എല്ലിലെ ഹോം ഗ്രൗണ്ട് തീരുമാനമായി