യു.എസ് ഓപ്പൺ സെമിയിൽ ഒളിമ്പിക് സെമിഫൈനൽ ആവർത്തനം, പ്രതികാരം തേടി ജ്യോക്കോവിച്ച്

Collagemaker 20210909 175904430

യു.എസ് ഓപ്പൺ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് നാലാം സീഡ് ആയ അലക്‌സാണ്ടർ സാഷ സെരവിനെ നേരിടും. ഒളിമ്പിക് സെമിഫൈനലിൽ സാഷ ജ്യോക്കോവിച്ചിനെ തോൽപ്പിച്ചു ഞെട്ടിച്ചതിനാൽ തന്നെ പ്രതികാരം തേടിയാവും ജ്യോക്കോവിച്ച് സെമിയിൽ ഇറങ്ങുക. ക്വാർട്ടർ ഫൈനലിൽ വിംബിൾഡൺ ഫൈനലിൽ താൻ തന്നെ മറികടന്ന ആറാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് ജ്യോക്കോവിച്ച് മറികടന്നത്. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷമാണ് ഒന്നാം സീഡ് ആയ സെർബിയൻ താരം ജയം സ്വന്തമാക്കുന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം 6-2, 6-2, 6-3 എന്ന സ്കോറിന് തുടർച്ചയായി മറ്റു 3 സെറ്റുകളും താരം നേടി. മത്സരത്തിൽ 17 ഏസുകൾ ഉതിർത്ത ബരെറ്റിനിയുടെ സർവീസ് 5 തവണയാണ് ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തത്.

കലണ്ടർ സ്‌ലാമിനൊപ്പം 21 ഗ്രാന്റ് സ്‌ലാമും ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ആവും സെമിയിലേത്. ജ്യോക്കോവിച്ചിനെ 5 സെറ്റിൽ തോൽപ്പിക്കുക എന്ന വലിയ കടമ്പയാണ് പക്ഷെ നാലാം സീഡ് ആയ ജർമ്മൻ താരത്തിന് മുന്നിലുള്ളത്. ക്വാർട്ടർ ഫൈനലിൽ സീഡ് ചെയ്യാത്ത ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സാഷ മറികടന്നത്. ആദ്യ സെറ്റിൽ ആദ്യം ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സാഷ പിന്നീട് തിരിഞ്ഞു നോക്കിയില്ല. 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ താരം സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത സാഷ 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. തുടർച്ചയായ 26 ഗ്രാന്റ് സ്‌ലാം മത്സര ജയങ്ങളുമായി എത്തുന്ന ജ്യോക്കോവിച്ചും തുടർച്ചയായ 16 മത്സര ജയവും ആയി എത്തുന്ന സാഷയും തമ്മിലുള്ള പോരാട്ടം തീ പാറും എന്നുറപ്പാണ്.

Previous articleഡ്യൂറണ്ട് കപ്പ്, ബെംഗളൂരു യുണൈറ്റഡിനും ആർമി റെഡിനും വിജയം
Next articleയു.എസ് ഓപ്പൺ സെമിയിൽ എമ്മക്ക് മരിയ സക്കാരി എതിരാളി, ഗ്രീക്ക് താരത്തിന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ