യു.എസ് ഓപ്പൺ ഒന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആറാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി. ആദ്യ രണ്ടു സെറ്റുകളും ടൈബ്രേക്കറിലൂടെ നേടിയ ബരെറ്റിനി മൂന്നാം സെറ്റ് 6-3 നു നേടി മത്സരം അനായാസം സ്വന്തമാക്കി. മത്സരത്തിൽ 17 ഏസുകൾ ആണ് ഇറ്റാലിയൻ താരം ഉതിർത്തത്. മറ്റൊരു ഇറ്റാലിയൻ താരമായ 13 സീഡ് യാനിക് സിന്നറും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം മാക്‌സിനെ 6-4, 6-2, 4-6, 6-2 എന്ന സ്കോറിന് നാലു സെറ്റിൽ ആണ് സിന്നർ മറികടന്നത്. അതേസമയം നാലു സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ ജർമ്മൻ താരം ഓസ്കാർ ഒട്ടെയോട് തോൽവി വഴങ്ങിയ ഇറ്റാലിയൻ താരവും ഇരുപതാം സീഡും ആയ ലോറൻസോ സോനെഗ ആദ്യ റൗണ്ടിൽ പുറത്തായി.
അർജന്റീനയുടെ ഫെഡറിക്കോയെ ആണ് ഏഴാം സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപവലോവ് ആദ്യ റൗണ്ടിൽ മറികടന്നത്. 6-2, 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു ഷപവലോവ് മത്സരത്തിൽ ജയം കണ്ടത്. 14 ഏസുകൾ ഉതിർത്ത താരം ആറു തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. അതേസമയം ആദ്യ രണ്ടു സെറ്റുകൾ നേടിയ ശേഷം അഞ്ചു സെറ്റ് പോരാട്ടത്തിൽ പരാജയം വഴങ്ങിയ ഒമ്പതാം സീഡ് പാബ്ലോ കരെനോ ബുസ്റ്റ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം മാക്സിമി ക്രസിയാണ് സ്പാനിഷ് താരമായ ബുസ്റ്റയെ അട്ടിമറിച്ചത്. വലിയ സർവീസുകൾ ഉതിർത്ത അമേരിക്കൻ താരം മത്സരത്തിൽ 43 ഏസുകൾ ഉതിർത്തു റെക്കോർഡ് ഇടുകയും ചെയ്തു. 5-7, 4-6, 6-1, 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ അട്ടിമറി ജയം.