യു.എസ് ഓപ്പണിൽ പുരുഷ ഡബിൾസിൽ ഇന്നലെ രാജീവ് റാമിനോട് ഒപ്പം കിരീടം നേടിയ ബ്രിട്ടന്റെ ജോ സാലിസ്ബറി ഇന്ന് മിക്സഡ് ഡബിൾസിലും കിരീട നേട്ടം ആവർത്തിച്ചു. അമേരിക്കൻ താരം ഡിസറി ക്രജിവിച്ചിനോട് ചേർന്നാണ് ജോ കിരീടം ഉയർത്തിയത്. ഈ വർഷം ജോ സാലിസ്ബറി നേടുന്ന മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ് ഇത്. അതേസമയം ഓപ്പൺ യുഗത്തിൽ ഒരു സീസണിൽ മൂന്നു ഗ്രാന്റ് സ്‌ലാം മിക്സഡ് കിരീടങ്ങളിൽ പങ്കാളിയാവാൻ ഡിസറിക്കും സാധിച്ചു.
ഇതിനു മുമ്പ് ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ മിക്സഡ് ഡബിൾസ് കിരീടങ്ങളിൽ അമേരിക്കൻ താരം പങ്കാളി ആയിരുന്നു. രണ്ടാം സീഡ് ആയ ബ്രിട്ടീഷ് അമേരിക്കൻ സഖ്യം ഫൈനലിൽ സീഡ് ചെയ്യാതെ വന്ന മാർസലോ അരവാലോ, ഗുലിയാനോ ഓൽമോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കിരീടം നേടിയത്. മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റ് 7-5 നു നേടിയ ശേഷം രണ്ടാം സെറ്റിൽ 6-2 ന്റെ അനായാസ ജയം അവർ സ്വന്തമാക്കി. 2010 ൽ ബോബ് ബ്രയാനു ശേഷം യു.എസ് ഓപ്പണിൽ ഡബിൾസിൽ ഇരട്ട കിരീടം നേടുന്ന ആദ്യ താരമാണ് ജോ സാലിസ്ബറി.