അന്ന് ഫെഡറർ, ഇന്ന് തീം, സുമിത് നഗാൽ ആർതർ ആഷെയിൽ ചരിത്രം എഴുതുമോ?

യു.എസ് ഓപ്പണിൽ ആർതർ ആഷെയിൽ വീണ്ടുമൊരു മത്സരത്തിനു ഒരുങ്ങി ഇന്ത്യൻ താരം സുമിത് നഗാൽ. കഴിഞ്ഞ വർഷം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാമിൽ യു.എസ് ഓപ്പണിൽ റോജർ ഫെഡറർക്ക് എതിരെ ആദ്യ സെറ്റ് നേടി തന്റെ പോരാട്ടവീര്യം പ്രകടമാക്കിയ നഗാൽ ഇത്തവണ ഗ്രാന്റ് സ്‌ലാമിലെ തന്റെ ആദ്യ ജയം നൽകിയ ആത്മവിശ്വാസവും ആയി ആവും കളത്തിൽ ഇറങ്ങുക.

രണ്ടാം റൗണ്ടിൽ രണ്ടാം സീഡും ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും ആയ ഡൊമനിക് തീമിനെ നഗാൽ നേരിടാൻ ഒരുങ്ങുമ്പോൾ അട്ടിമറി പ്രതീക്ഷിക്കുന്നത് അത്ര വലിയ അത്ഭുതം ഒന്നുമല്ല എന്നതാണ് വാസ്തവം. സിൻസിനാറ്റി ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായ തീം, ആദ്യ റൗണ്ടിൽ എതിരാളി പരിക്കേറ്റു പിന്മാറിയതോടെയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ പലപ്പോഴും അത്ര തൃപ്തികരമായ പ്രകടനം അല്ല ഡാനിഷ് താരം കാഴ്ചവച്ചത്.

കോർട്ടിന്റെ വേഗം തനിക്ക് ചില ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നു മത്സരശേഷം തീം സമ്മതിക്കുകയും ചെയ്തു. ഫെഡററിന് എതിരായ നഗാലിന്റെ മത്സരം താൻ മുഴുവൻ കണ്ടിരുന്നത് ആയി പറഞ്ഞ തീം, നഗാലിന്റെ ഫോർഹാന്റ് വളരെ മികച്ചത് ആണെന്നും പറഞ്ഞിരുന്നു. അതേസമയം അമേരിക്കൻ താരം ബ്രാഡ്‌ലി ക്ളാനെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്നു 7 വർഷത്തിന് ഇടയിലെ ഗ്രാന്റ് സ്‌ലാമിലെ ഇന്ത്യയുടെ ആദ്യ ജയം സമ്മാനിച്ച നഗാൽ മികച്ച ആത്മവിശ്വാസത്തിൽ തന്നെയാണ്. തീമിനെതിരെ കളിക്കാൻ പറ്റുന്നതിൽ വലിയ സന്തോഷം ഉണ്ടെന്നു പറഞ്ഞ നഗാൽ മത്സരത്തിൽ എല്ലാം നൽകാൻ ഉറച്ചു തന്നെയാവും കളത്തിൽ ഇറങ്ങുക. രണ്ടാം സീഡിനെതിരെ ചരിത്രപ്രസിദ്ധമായ ആർതർ ആഷെ മൈതാനത്തിൽ നഗാൽ ഇന്ത്യൻ ചരിത്രം എഴുതുമോ എന്നു കാത്തിരുന്നു തന്നെ കാണാം.