ഇന്ത്യൻ താരത്തിന്റെ വെല്ലുവിളി മറികടന്നു റോജർ ഫെഡറർ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച പോരാട്ടം നടത്തിയ ഇന്ത്യൻ താരം സുമിത് നാഗലിന്റെ മികച്ച പോരാട്ടത്തെ അതിജീവിച്ച് റോജർ ഫെഡറർ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ. ലോക റാങ്കിംഗിൽ 190 സ്ഥാനക്കാരൻ ആയ ഇന്ത്യൻ യുവതാരം ആദ്യ സെറ്റിൽ മൂന്നാം സീഡ് ആയ ഫെഡററിന്റെ അഞ്ചാം സർവീസ് ബ്രൈക്ക് ചെയ്തു 6-4 നു സെറ്റ് സ്വന്തമാക്കുന്ന കാഴ്ച തെല്ലൊരു അവിശ്വാസത്തോടെയാണ് ആർതർ ആഷേയിലെ ആരാധകർ നോക്കി നിന്നത്. നന്നായി കളിച്ച സുമിത് മികച്ച ഷോട്ടുകളുമായി ഫെഡറർക്ക് മേൽ ആധിപത്യം നേടി. എന്നാൽ രണ്ടാം സെറ്റിൽ തന്റെ മികവിലേക്ക്‌ തിരിച്ചു വന്ന ഫെഡറർ ഒന്നിന് പിറകെ ഒന്നായി സുമിത്തിന്റെ സർവീസുകൾ ബ്രൈക്ക് ചെയ്തപ്പോൾ പിഴവുകൾ വരുത്താൻ നിർബന്ധിതനായി ഇന്ത്യൻ താരം. രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കിയ ഫെഡറർ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി.

മൂന്നാം സെറ്റിലും ഇന്ത്യൻ താരത്തിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ഫെഡറർ ബ്രൈക്ക് വഴങ്ങിയപ്പോൾ തിരിച്ചു ബ്രൈക്ക് ചെയ്‌ത് 30 മിനിറ്റിനുള്ളിൽ 6-2 നു മൂന്നാം സെറ്റും സ്വന്തമാക്കി. നാലാം സെറ്റിൽ സുമിത്തിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഫെഡറർക്ക് മികച്ച തുടക്കമാണ് ലഭിച്ചത് എന്നാൽ ഫെഡററുടെ സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്ത ഇന്ത്യൻ താരം താൻ പൊരുതാൻ ഉറച്ചാണെന്ന് വ്യക്തമാക്കി. എന്നാൽ വീണ്ടും സുമിത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം കയ്യെത്തും ദൂരെയാക്കി. എന്നാൽ മത്സരത്തിനായുള്ള സർവീസ് ഗെയിംമിൽ 4 ബ്രൈക്ക് പോയിന്റുകൾ സ്വന്തമാക്കിയ സുമിത്തിനു പക്ഷേ തന്റെ അവസരം മുതലാക്കാൻ ആവാതിരുന്നപ്പോൾ നാലാം സെറ്റ് 6-4 നു സ്വന്തമാക്കിയ ഫെഡറർ മത്സരം സ്വന്തം പേരിൽ കുറിച്ച് രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

അതേസമയം കഴിഞ്ഞ തവണ തന്നെ വീഴ്ത്തിയ ജപ്പാൻ താരം മിസ്സാക്കി ഡോയിക്ക് എതിരെ വലിയ വെല്ലുവിളി ഒന്നും അമേരിക്കൻ താരവും 10 സീഡുമായ മാഡിസൺ കീയ്സിനു നേരിടേണ്ടി വന്നില്ല. ആദ്യ സെറ്റിൽ നന്നായി പൊരുതിയ ഡോയിക്കെതിരെ 7-5 നു സെറ്റ് സ്വന്തമാക്കിയ കീയ്സ് രണ്ടാം സെറ്റിൽ ജപ്പാൻ താരത്തിന് ഒരവസരവും നൽകിയില്ല. ഒരു ഗെയിം പോലും കൈവിടാതെ രണ്ടാം സെറ്റ് 6-0 ത്തിനു എടുത്ത കീയ്സ് തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിട്ടുള്ള പോരാട്ടം രണ്ടാം റൗണ്ടിലേക്ക് നീട്ടി. അതേസമയം അഞ്ചാം സീഡ് എലീന സിറ്റോലിനയും രണ്ടാം റൗണ്ടിൽ പ്രേവേശിച്ചു. സീഡ് ചെയ്യാത്ത അമേരിക്കൻ താരം വിറ്റ്നിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അഞ്ചാം സീഡ് മറികടന്നത്. സ്‌കോർ 6-1,7-5. അതേസമയം ഫെഡററിന്റെ നാട്ടുകാരൻ ആയ 2016 ലെ യു.എസ് ഓപ്പൺ ജേതാവ് 23 സീഡ് സ്റ്റാൻ വാവറിങ്കയും രണ്ടാം റൗണ്ടിലേക്ക് പ്രേവേശിച്ചു. ഫ്രഞ്ച്‌ താരം സിന്നർക്ക് എതിരെ നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു വാവറിങ്കയുടെ ജയം. സ്‌കോർ 6-3,7-6,4-6,6-3. റാഫേൽ നദാൽ, നയോമി ഒസാക്ക, സിമോണ ഹാലപ്പ്, ഡൊമനിക് തീം തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്ന് യു.എസ് ഓപ്പണിൽ ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇറങ്ങും.