യു.എസ് ഓപ്പണിൽ 16 സീഡും സ്വന്തം നാട്ടുകാരനും ആയ ജോൺ ഇസ്‌നറെ മാർത്തോൻ പോരാട്ടത്തിൽ അട്ടിമറിച്ച് അമേരിക്കയുടെ സ്റ്റീവ് ജോൺസൻ. 5 സെറ്റുകൾ നീണ്ടു നിന്ന മത്സരത്തിൽ 3 ടൈബ്രേക്കറുകൾ ആണ് കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ വഴങ്ങിയ ശേഷം ആയിരുന്നു അനുഭവസമ്പന്നനായ ജോൺസന്റെ ജയം. മത്സരത്തിൽ വലിയ സർവീസുകൾക്ക് പേരു കേട്ട ഇസ്നർ 52 ഏസുകൾ ആണ് ഉതിർത്തത്, ജോൺസൻ ആവട്ടെ 22 ഏസുകളും. രണ്ടാം സെറ്റ് 6-3 നേടിയ ജോൺസൻ പക്ഷെ മൂന്നാം സെറ്റ് ടൈബ്രേക്കറിൽ ഒരിക്കൽ കൂടി അടിയറവ് പറഞ്ഞു.
എന്നാൽ നാലാം സെറ്റ് 6-3 നേടിയ ജോൺസൻ നിർണായകമായ അവസാന സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം അമേരിക്കൻ താരം ഒപെൽക്കയെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന് ബെൽജിയം താരവും ഏഴാം സീഡുമായ ഡേവിഡ് ഗോഫിനും രണ്ടാം റൗണ്ടിലെത്തി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഗോഫിൻ രണ്ടാം സെറ്റ് 6-3 നു നഷ്ടമായ ശേഷം ആണ് ജയം കണ്ടത്. മൂന്നാം സെറ്റ് 6-1 നും നാലാം സെറ്റ് 6-4 നുമാണ് ബെൽജിയം താരം നേടിയത്. അതേസമയം 13 സീഡ് ക്രിസ്ത്യൻ ഗാരിൻ അമേരിക്കൻ താരം ബ്ളാങ്കിന് എതിരെ 2 സെറ്റ് പിറകിൽ നിന്ന ശേഷം ജയം കണ്ടു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 26 സീഡ് റഷ്യയുടെ ഫിലിപ്പ് ക്രജിനിവോച്ച്, 28 സീഡ് ലേനാർഡ് സ്ട്രഫ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.