യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം മാക്‌സിം ക്രേസിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം ആണ് താരം നേടിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു എങ്കിലും ടൈബ്രേക്കറിൽ ജയം കണ്ട ശേഷം സ്റ്റിസ്റ്റിപാസ് പിന്നീട് വലിയ പ്രശ്നം ഒന്നും നേരിട്ടില്ല. രണ്ടും മൂന്നും സെറ്റുകളിൽ ഓരോ വീതം ബ്രൈക്ക് കണ്ടത്തിയ ഗ്രീക്ക് താരം 6-3, 6-4 എന്ന സ്കോറിന് സെറ്റുകൾ ജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
അതേസമയം ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു കൊറിയൻ താരം സൂൻ വൂനു എതിരെ കനേഡിയൻ താരവും 12 സീഡുമായ ഡെന്നിസ് ഷപോവലോവിന്റെ ജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം മികവിന്റെ സകല പൂർണ്ണതയിലേക്കും ഷപോവലോവ് എത്തി. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത കനേഡിയൻ താരം 6-4, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി ജയത്തിനു അരികിലെത്തി. തുടർന്ന് നാലാം സെറ്റ് 6-2 നു നേടിയ താരം മൂന്നാം റൗണ്ട് ഉറപ്പിച്ചു.
19 സീഡ് അമേരിക്കയുടെ ടൈയ്‌ലർ ഫ്രിറ്റ്സ്, 20 സീഡ് സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഇരു താരങ്ങളും ജയം കണ്ടത്. അർജന്റീനൻ യുവാൻ ലോൻഡരോയെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു 27 സീഡ് ക്രൊയേഷ്യൻ താരം ബോർണ കോരിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.