ഒന്നാം സീഡും നിലവിലെ ജേതാവുമായ നയോമി ഒസാക്ക യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. മാഗ്‌ദ ലിനറ്റെക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജപ്പാൻ താരം ജയം കണ്ടത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ആദ്യ സെറ്റ് 6-2 നു നേടിയ താരം പൊരുതികളിച്ച എതിരാളിക്ക് മേൽ 6-4 നു രണ്ടാം സെറ്റും നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. അതേസമയം ആറാം സീഡ് ചെക് താരം പെട്രോ ക്വിവിറ്റോവ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ തന്നെ പുറത്തായി. കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിലും ചെക് താരത്തെ അട്ടിമറിച്ച സീഡ് ചെയ്യാത്ത ജർമൻ താരം ആന്ദ്ര പെറ്റ്‌കോവിച്ച് ആണ് ക്വിവിറ്റോവയുടെ പ്രയാണത്തിന് ഇത്തവണയും അന്ത്യം കുറിച്ചത്.
6-4,6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരം കീഴടങ്ങിയത്. അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 16 സീഡ് യൊഹാന കോന്റ രണ്ടാം റൗണ്ടിൽ ഏകപക്ഷീയമായ ജയവുമായി മൂന്നാം റൗണ്ടിൽ കടന്നു. റഷ്യയുടെ മാർഗരിറ്റക്ക് എതിരെ 6-1,6-0 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട കോന്റ എതിരാളിക്ക് മേൽ വലിയ ആധിപത്യം പുലർത്തി. അതേസമയം പിന്നിൽ നിന്ന ശേഷം ജയിച്ച് കയറുകയായിരുന്നു 12 സീഡ് അനസ്താഷ സെവസ്റ്റോവ. ഇഗക്ക് എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം 6-1 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടിയ 12 സീഡ് തന്റെ യു.എസ് ഓപ്പൺ പ്രയാണം മൂന്നാം റൗണ്ടിലേക്ക് നീട്ടി.