യു.എസ് ഓപ്പണിൽ തന്റെ നൂറാമത്തെ ജയം കുറിച്ച് ഇതിഹാസതാരം സെറീന വില്യംസ്. ക്വാട്ടർ ഫൈനലിൽ ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങിനെ തോൽപ്പിച്ചതോടെയാണ് സെറീന ഈ നേട്ടത്തിന് ഉടമയായത്. വെറും 44 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന മത്സരത്തിൽ സെറീനയുടെ സമ്പൂർണ ആധിപത്യം ആണ് കാണാൻ സാധിച്ചത്. ഈ വർഷം വനിത ടെന്നീസിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരവും ആയി ഇത്. യു.എസ് ഓപ്പൺ ജയിച്ച് തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം തേടുന്ന സെറീനയെ മറികടക്കുക ഈ ഫോമിൽ എതിരാളികൾക്ക് അസാധ്യമാവും. മത്സരത്തിൽ 25 വിന്നറുകൾ പാഴിച്ച സെറീന 21 ൽ 19 ആദ്യ സർവീസ് പോയിന്റുകളും നേടിയിരുന്നു. യു.എസ് ഓപ്പണിൽ 100 ജയം കുറിക്കുന്ന നാലാമത്തെ മാത്രം വനിത, പുരുഷ താരമാണ് സെറീന. ഇതിഹാസതാരങ്ങൾ ആയ മാർട്ടിന നവരറ്റിലോവ, ക്രിസ് എവർട്ട്, റോജർ ഫെഡറർ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.
16 മത്തെ വയസ്സിൽ തന്റെ ആദ്യ യു.എസ് ഓപ്പൺ ജയം സെറീനയെ സംബന്ധിച്ച് സ്വന്തം നാട്ടിലെ ഈ ചരിത്രനേട്ടം വൈകാരികം കൂടിയാണ്. തന്റെ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഈ നേട്ടം എന്നു പറഞ്ഞ സെറീന വില്യംസ്, നേട്ടത്തിൽ സന്തോഷവും പ്രകടിപ്പിച്ചു. സെമിഫൈനലിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയാണ് സെറീനയുടെ എതിരാളി. മുമ്പ് ഏറ്റുമുട്ടിയപ്പോൾ 5 ൽ 4 തവണയും സെറീന ജയിച്ചെങ്കിലും അവസാനം ഏറ്റുമുട്ടിയപ്പോൾ 2016 റിയോ ഒളിമ്പിക്സിൽ ജയം ഉക്രൈൻ താരത്തിന് ആയിരുന്നു. അതിനാൽ തന്നെ സ്വിവിറ്റോലീന എത്രത്തോളം അപകടകാരിയാണ് എന്ന ബോധം സെറീനക്കു ഉണ്ട്. സ്വിവിറ്റോലീന അപകടകാരിയാണ് എന്നു സമ്മതിക്കുകയും ചെയ്തു സെറീന. കഴിഞ്ഞ പ്രാവശ്യം ഒസാക്കക്ക് മുന്നിൽ അടിയറവ് പറഞ്ഞ കിരീടം സ്വന്തം പേരിൽ കുറിക്കാൻ ആവും സെറീനയുടെ ഇനിയുള്ള ശ്രമം.