തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ ആര്യാന സബലങ്ക. ഹാർഡ് കോർട്ട് ഗ്രാന്റ് സ്ലാനുകളിൽ ഇത് തുടർച്ചയായ ആറാം ഫൈനൽ ആണ് സബലങ്കക്ക് ഇത്. 2014 ൽ സാക്ഷാൽ സറീന വില്യംസിന് ശേഷം ഇത് ആദ്യമായാണ് ഒരു താരം തുടർച്ചയായി മൂന്നു യു.എസ് ഓപ്പൺ ഫൈനലുകളിൽ എത്തുന്നത്. 2025 ലെ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനൽ കൂടിയാണ് സബലങ്കക്ക് ഇത്.
നാലാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക മറികടന്നത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-4 നും നേടി ഫൈനൽ ഉറപ്പിച്ചു. അമേരിക്കൻ താരത്തിന് എതിരെ പത്താം മത്സരത്തിൽ എട്ടാം ജയം ആണ് സബലങ്ക ഇന്ന് കുറിച്ചത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സബലങ്ക 3 തവണ എതിരാളിയുടെ സർവീസ് ഭേദിക്കുകയും ചെയ്തു.