സ്ഥിരമായ നടുവേദനയെത്തുടർന്ന് സ്പാനിഷ് ടെന്നീസ് താരം പൗള ബഡോസ യുഎസ് ഓപ്പണിൽ നിന്ന് പിൻമാറി. താരത്തിന് പകരം സ്വിറ്റ്സർലൻഡിന്റെ ജിൽ ടൈക്മാൻ ടൂർണമെന്റിൽ പങ്കെടുക്കും. ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെയാണ് യുഎസ് ഓപ്പൺ നടക്കുന്നത്.
പോസോസ് മസിലിലുണ്ടായ പരിക്ക് വിംബിൾഡണിൽ താരം കളിക്കുന്നതിന് തടസ്സമുണ്ടാക്കിയിരുന്നു. അവിടെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുകയും ചെയ്തു. പരിക്ക് കാരണം ഒരു ഘട്ടത്തിൽ വിരമിക്കുന്നതിനെക്കുറിച്ച് പോലും താരം ആലോചിച്ചിരുന്നു.
മിക്‌സഡ് ഡബിൾസിൽ ജാക്ക് ഡ്രെപ്പറുമൊത്തുള്ള മത്സരത്തിൽ നിന്നും താരം പിൻമാറിയിരുന്നു. പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പിൻമാറിയതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. തന്റെ പരാജയങ്ങളും വിഷമഘട്ടങ്ങളും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് താരം കുറിപ്പിൽ പറയുന്നു.
“എളുപ്പമുള്ള ദിവസങ്ങളിലല്ല ഞാൻ വളർന്നത്. എന്നെ തകർത്ത നിമിഷങ്ങളും വിചാരിച്ച പോലെ നടക്കാത്ത തീരുമാനങ്ങളും ഞാൻ പരാജയപ്പെട്ട സമയങ്ങളുമാണ് എന്നെ രൂപപ്പെടുത്തിയത്. ഞാൻ പരാജയങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. കാരണം ഈ പരാജയങ്ങളാണ് എന്നെ ശക്തയും കൂടുതൽ മികച്ച വ്യക്തിയാക്കിയതും,” താരം കുറിച്ചു.