അനായാസം നദാൽ, ക്യൂരിയോസ് മൂന്നാം റൗണ്ടിൽ പുറത്ത്

- Advertisement -

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി രണ്ടാം സീഡ് റാഫേൽ നദാൽ. കഴിഞ്ഞ റൗണ്ടിൽ എതിരാളി പിന്മാറിയതോടെ കളിക്കാതെ മൂന്നാം റൗണ്ടിൽ എത്തിയ നദാൽക്ക് ഈ റൗണ്ടിലും അധികം വിയർക്കേണ്ടി വന്നില്ല. ദക്ഷിണ കൊറിയൻ താരം ചാങ് ഹ്യൂയോനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 6-3 നു നേടിയ നദാൽ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും കൊറിയൻ താരത്തിന് വലിയ അവസരങ്ങൾ നൽകിയില്ല. രണ്ടാം സെറ്റ് 6-4 നും മൂന്നാം സെറ്റ് 6-2 നും നേടിയ നദാൽ താൻ ഉറച്ച് തന്നെയാണ് എന്ന സൂചനയും നൽകി.

അതേസമയം ഈ ക്വാട്ടറിൽ നദാലിന് വെല്ലുവിളി ഉയർത്തും എന്നു കരുതിയ 28 സീഡ് ഓസ്‌ട്രേലിയയുടെ നിക്ക് ക്യൂരിയോസ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ പുറത്തായി. ആദ്യ രണ്ട് സെറ്റിലും ടൈബ്രേക്കർ കണ്ട മത്സരത്തിൽ സീഡ് ചെയ്യാത്ത റഷ്യൻ താരം ആന്ദ്ര റൂബ്ളേവ് ആണ് ക്യൂരിയോസിന് പുറത്തേക്കുള്ള വഴി തുറന്നത്. 7-6,7-6 നു ആദ്യ രണ്ട് സെറ്റുകളും നേടിയ റഷ്യൻ താരം 6-3 നു മൂന്നാം സെറ്റും നേടി മത്സരം സ്വന്തമാക്കി. ഇതോടെ സെമിഫൈനൽ വരെ നദാലിന്റെ പ്രയാണം ഏതാണ്ട് എളുപ്പമാകും.

Advertisement