ശതകത്തിന് പിന്നില്‍ വലിയ പങ്ക് ഇഷാന്തിനും

- Advertisement -

സബീന പാര്‍ക്കിലെ പ്രയാസമേറിയ പിച്ചില്‍ ഇന്ത്യയെ 416 റണ്‍സിലേക്ക് നയിക്കുമ്പോള്‍ തന്റെ കന്നി ടെസ്റ്റ് ശതകമാണ് ഹനുമ വിഹാരി നേടിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായി താരം പുറത്താകുമ്പോള്‍ 111 റണ്‍സാണ് ഹനുമ വിഹാരി നേടിയത്. 302/7 എന്ന നിലയില്‍ രവീന്ദ്ര ജഡേജയെ നഷ്ടമായ ശേഷം വാലറ്റത്തിനൊപ്പം നിന്ന് ബാറ്റ് ചെയ്താണ് തന്റെ ശതകം ഉറപ്പാക്കുവാന്‍ വിഹാരിയ്ക്ക് സാധിച്ചത്. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായത് ഇഷാന്ത് ശര്‍മ്മയുടെ സംഭാവനയാണ്.

എട്ടാം വിക്കറ്റില്‍ വിഹാരിയും ഇഷാന്തും ചേര്‍ന്ന് 112 റണ്‍സാണ് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മ പുറത്തായ ശേഷം അധികം വൈകാതെ തന്നെ ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴുകയും ചെയ്തു. താന്‍ തലേ ദിവസം 42 റണ്‍സില്‍ നില്‍ക്കുമ്പോള്‍ തനിക്ക് നല്ല രീതിയില്‍ ഉറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഹനുമ വിഹാരി പറഞ്ഞു. വലിയ സ്കോര്‍ നേടുകയെന്ന ചിന്തയായിരന്നു തനിക്ക് എപ്പോളും.

ശതകം നേടുവാനായതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അതിന്റെ ഖ്യാതി മുഴുവന്‍ ഇഷാന്തിനാണ്. തന്നെക്കാളും മികച്ച ബാറ്റ്സ്മാനെ പോലെ ബാറ്റ് വീശിയത് ഇഷാന്തായിരുന്നുവെന്നും ഹനുമ വിഹാരി പറഞ്ഞു. താരവുമായി ബൗളര്‍ എന്താണ് ചെയ്യുന്നത് എന്ന് ചര്‍ച്ച് ചെയ്തിരുന്നുവെന്നും ഇഷാന്തിന്റെ അനുഭവസമ്പത്ത് ഏറെ ഗുണം ചെയ്തുവെന്നും വിഹാരി പറഞ്ഞു.

Advertisement