അനായാസം രണ്ടാം റൗണ്ടിൽ കടന്നു റാഫേൽ നദാൽ, സെവർവും രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ താരവും സീഡ് ചെയ്യാത്ത താരവുമായ ജോൺ മിൽമാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് മുൻ ജേതാവും രണ്ടാം സീഡുമായ റാഫേൽ നദാൽ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. തന്റെ മികച്ച ഫോമിലേക്കുയർന്ന നദാലിന് ഒരു ഘട്ടത്തിൽ പോലും ഭീഷണി ഉയർത്താൻ മിൽമാനു ആയില്ല. മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു നദാൽ. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ നദാൽ നയം വ്യക്തമാക്കിയപ്പോൾ അടുത്ത രണ്ടു സെറ്റുകളിൽ 6-2, 6-2 എന്ന സ്കോറിന് കീഴടങ്ങുകയായിരുന്നു ഓസ്‌ട്രേലിയൻ താരം. ടൂർണമെന്റിൽ ഉടനീളം ഈ ഫോമിൽ നദാൽ തുടർന്നാൽ അത് എതിരാളികൾക്ക് വലിയ ഭീഷണിയാവും ഉയർത്തുക. അതേസമയം ഫ്രഞ്ച്‌ താരവും 13 സീഡുമായ ഗെയിൽ മോൻഫിൽസും രണ്ടാം റൗണ്ടിൽ കടന്നു. ആൽബർട്ട് റാമോസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തന്നെയായിരുന്നു ഫ്രഞ്ച്‌ താരത്തിന്റെ ജയം. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ മോൻഫിൽസ് അടുത്ത രണ്ടു സെറ്റുകളിൽ 6-4,6-3 എന്ന സ്കോറിന് ജയം കണ്ടു രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

അതേസമയം ജർമ്മൻ യുവതാരവും 6 സീഡുമായ അലക്‌സാണ്ടർ സെവർവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. റാഡു ആൽബോട്ടിനെതിരെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ശേഷമാണ് സേവർവ് ജയിച്ച് കയറിയത്. ആദ്യ രണ്ടു സീറ്റുകൾ 6-1,6-3 എന്ന സ്കോറിന് നു സെവർവ് നേടിയപ്പോൾ അടുത്ത രണ്ടു സെറ്റുകളും 6-3,6-4 എന്ന സ്കോറിന് നേടിയ സീഡ് ചെയ്യാത്ത താരം സെവർവിനെ ഞെട്ടിച്ചു. എന്നാൽ അഞ്ചാം സെറ്റ് 6-2 നു എടുത്ത് സെവർവ് മത്സരം സ്വന്തം പേരിലാക്കി. സ്പാനിഷ് താരം ഗാർസിയ ലോപ്പസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അമേരിക്കൻ താരവും 14 സീഡുമായ ജോൺ ഇസ്‌നറും രണ്ടാം റൗണ്ടിൽ കടന്നു. 6-3,6-4,6-4 എന്ന സ്കോറിന് ആയിരുന്നു വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരത്തിന്റെ ജയം. അതേസമയം കാനഡ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ 18 സീഡ് ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ഡെന്നിസ് ഷാപോവലോവും രണ്ടാം റൗണ്ടിൽ എത്തി. സ്‌കോർ 6-1,6-1,6-4. യുവ കാനഡ താരത്തിൽ നിന്നു വലിയ പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് ഇത് വലിയ നിരാശയാണ് നൽകിയത്.