യു.എസ് ഓപ്പണിൽ നിന്നു ആന്റി മറെ പുറത്ത്, ദിമിത്രോവിനും തോൽവി, മുന്നോട്ട് കുതിച്ച് മെദ്വദേവ്

Wasim Akram

യു.എസ് ഓപ്പണിലെ ആന്റി മറെയുടെ തിരിച്ചു വരവിനു അന്ത്യം. ആദ്യ റൗണ്ടിൽ അത്ഭുതപ്രകടനവുമായി ജയം കണ്ട മറെക്ക് പക്ഷെ ഇത്തവണ 15 സീഡും കനേഡിയൻ യുവ താരവും ആയ ഫെലിക്‌സ് ആഗർ അലിയാസമെക്ക് മുമ്പിൽ മറെ വീണു. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഫെലിക്സിന്റെ ജയം. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കുട്ടിയായി എത്തിയ ആർതർ ആഷെ സ്റ്റേഡിയത്തിൽ 20 കാരൻ ആയ ഫെലിക്‌സ് അപാരമായ ടെന്നീസ് ആണ് പുറത്ത് എടുത്തത്. വലിയ ഒരു പിഴവ് പോലും വരുത്താതെ 6-2, 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ഫെലിക്‌സ് മുൻ വിംബിൾഡൺ ജേതാവിന് മേൽ ജയം കണ്ടു. തോറ്റെങ്കിലും ഓർമിക്കാൻ ആയി ഒരു മത്സരം സമ്മാനിച്ചാണ് ആന്റി മറെ ന്യൂയോർക്ക് വിടുന്നത്.

മൂന്നാം സീഡും റഷ്യൻ താരവും ആയ ഡാനിൽ മെദ്വദേവ് അതേസമയം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം ക്രിസ്റ്റഫറിന് എതിരെ തുടക്കം മുതൽ ആധിപത്യം നേടിയ ടെന്നീസ് കളിച്ച റഷ്യൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു. എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത മെദ്വദേവ് 6-3, 6-2, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് സമാനമായ പ്രകടനം അടുത്ത റൗണ്ടുകളിൽ പുറത്ത് എടുക്കാൻ ആവും ശ്രമിക്കുക.

ബൾഗേറിയൻ താരവും 14 സീഡുമായ ഗ്രിഗോർ ദിമിത്രോവും അതിനിടെ രണ്ടാം റൗണ്ടിൽ തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നു പുറത്തായി. മാർട്ടൻ ഫുകോവിക്സ് ആണ് ദിമിത്രോവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നത്. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ ആദ്യ സെറ്റ് നേടിയ ശേഷം ആണ് മുൻ ഗ്രാന്റ് സ്‌ലാം സെമിഫൈനലിസ്റ്റ് ആയ താരത്തിന്റെ പുറത്താകൽ. സ്‌കോർ : 6-7, 7-6, 3-6, 6-4, 6-1. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന് അമേരിക്കൻ താരം ഫ്രാസസ് ടിഫോണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതിനിടെ മഴ വില്ലനായപ്പോൾ പല മത്സരങ്ങളും അധികൃതർക്ക് മാറ്റി വക്കേണ്ടിയും വന്നു.