ടി20 അരങ്ങേറ്റത്തിനായി ലാബൂഷാനെ ഇനിയും കാത്തിരിക്കേണ്ടി വരും – ആരോണ്‍ ഫിഞ്ച്

- Advertisement -

ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരമാണ് മാര്‍നസ് ലാബൂഷാനെ. ടെസ്റ്റില്‍ 56 റണ്‍സ് ശരാശരിയിലും ഏകദിനത്തില്‍ 50നു മുകളിലുള്ള ശരാശരിയിലുമാണ് താരം ഇപ്പോള്‍ ബാറ്റ് വീശുന്നത്. എന്നാല്‍ ഇതുവരെ ടി20 മത്സരത്തില്‍ അരങ്ങേറ്റം കുറിയ്ക്കുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.

ഇന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിന് തൊട്ടുമുമ്പ് പരിശീലന മത്സരത്തില്‍ താരം മികവ് കാട്ടിയെങ്കിലും പൊതുവേ താരത്തിന്റെ ടി20 റെക്കോര്‍ഡ് അത്ര മികച്ചതല്ല. അതിനാല്‍ തന്നെ ലാബൂഷാനെയുടെ ഫോം മികച്ചതാണെങ്കിലും ടി20 അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ലാബൂഷാനെ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ടീം ക്യാപ്റ്റന്‍ ആരോണ‍് ഫിഞ്ച് വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയയുടെ ടി20 ടീമിന്റെ ഘടന ഏകദേശം കൃത്യമായി കഴിഞ്ഞുവെന്നും അതിപ്പോള്‍ മാറ്റേണ്ട കാര്യം ഇല്ലെന്നാണ് തനികക് തോന്നുന്നതെന്നും ഫിഞ്ച് വ്യക്തമാക്കി. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിലാണ് ഫിഞ്ച് ലാബൂഷാനെ ഇനിയും അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞത്.

കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒമ്പതും വിജയിച്ചാണ് ആരോണ്‍ ഫിഞ്ചിന്റെ സംഘം ടി20യില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്.

Advertisement