യു.എസ് ഓപ്പണിൽ ആദ്യദിനം തന്നെ അട്ടിമറികൾക്കും തുടക്കം. ഗ്രാന്റ് സ്ലാം ജേതാവും 14 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. സീഡ് ചെയ്യാത്ത ക്രിസ്റ്റീന മ്ലാഡനോവിച്ച് ആണ് കെർബറെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ വീഴ്ത്തിയത്. ആദ്യ സെറ്റിലെ കനത്ത പോരാട്ടത്തിനു ഒടുവിൽ 7-5 നു സെറ്റ് കൈവിട്ട കെർബർ പക്ഷെ രണ്ടാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-0 ത്തിന് രണ്ടാം സെറ്റ് നേടിയ കെർബർ മത്സരത്തിലേക്ക് തിരിച്ചുവന്നു എന്ന സൂചന നൽകിയെങ്കിലും മൂന്നാം സെറ്റിൽ കെർബറെ ബ്രൈക്ക് ചെയ്തു 6-4 നു സെറ്റും മത്സരവും സ്വന്തമാക്കിയ ക്രിസ്റ്റീന മത്സരം സ്വന്തം പേരിൽ കുറിച്ചു. ഈ വർഷം അത്ര മികച്ച വർഷം അല്ലായിരുന്ന കെർബറെ ആ ദുർയോഗം യു.എസ് ഓപ്പണിലും പിന്തുടർന്നു.
അതേസമയം പുരുഷന്മാരിൽ ബിഗ് 3 ക്ക് ശേഷം ഏറെ സാധ്യത കൽപ്പിക്കുന്ന റഷ്യൻ താരം ഡാനിൽ മെദ്വദേവ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരനെതിരെ തന്റെ മികച്ച ഫോമിലായിരുന്നു അഞ്ചാം സീഡ് ആയ മെദ്വദേവ്. ആദ്യ സെറ്റിൽ പൊരുതി നോക്കിയ ഇന്ത്യൻ താരത്തിൽ നിന്നു 6-4 നു സെറ്റ് സ്വന്തമാക്കിയ ലോക അഞ്ചാം നമ്പർ പക്ഷെ അടുത്ത രണ്ടു സെറ്റിലും ഇന്ത്യൻ താരത്തെ നിലം തൊടീച്ചില്ല. 6-1 നു രണ്ടാം സെറ്റും 6-2 നു മൂന്നാം സെറ്റും സ്വന്തമാക്കിയ റഷ്യൻ താരം യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് അനായാസം മാർച്ച് ചെയ്തു.