നിക്കിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഖാചനോവ് യു.എസ് ഓപ്പൺ സെമിഫൈനലിൽ, കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും 27 സീഡും ആയ കാരൻ ഖാചനോവ്. 23 സീഡും വിംബിൾഡൺ ഫൈനലിസ്റ്റും ആയ നിക് കിർഗിയോസിനെ ആണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആയ റഷ്യൻ താരം തോൽപ്പിച്ചത്. ഇതോടെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്കും ഖാചനോവ് മുന്നേറി. അഞ്ചു സെറ്റുകളുടെ കടുത്ത പോരാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്.

ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്താൻ ആയ ഖാചനോവ് സെറ്റ് 7-5 നു നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. പലപ്പോഴും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും രണ്ടാം സെറ്റ് 6-4 നു നേടി നിക് തിരിച്ചടിച്ചു. മൂന്നാം സെറ്റിലും ഒന്നാം സെറ്റ് ആവർത്തിച്ചു. നിക്കിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്‌ത റഷ്യൻ താരം സെറ്റ് 7-5 നു നേടി. നാലാം സെറ്റിൽ കടുത്ത പോരാട്ടം നടന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു.

യു.എസ് ഓപ്പൺ

മത്സരത്തിലെ ഏറ്റവും മികച്ച ടെന്നീസ് കളിച്ച നിക് സെറ്റ് 7-3 നു ടൈബ്രേക്കർ ജയിച്ചു സെറ്റ് 7-6 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും നിർണായക ബ്രേക്ക് നേടിയ റഷ്യൻ താരം സെറ്റ് 6-4 നു നേടി സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ ശാരീരിക ക്ഷമത ഓസ്‌ട്രേലിയൻ താരത്തിന് വെല്ലുവിളി ആയി. മത്സരത്തിൽ 31 ഏസുകൾ നിക് ഉതിർത്തപ്പോൾ 30 ഏസുകൾ ആണ് ഖാചനോവ് ഉതിർത്തത്. സെമിഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ് ആണ് റഷ്യൻ താരത്തിന്റെ എതിരാളി.