വീണ്ടും വമ്പൻ അട്ടിമറി കണ്ടു യു.എസ് ഓപ്പൺ, നാലാം സീഡ് പൗള ബഡോസ പുറത്ത്, അനായാസം മുന്നേറി ഇഗ

Wasim Akram

20220902 004647

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ഇഗ സ്വിറ്റെക് മൂന്നാം റൗണ്ടിൽ. മുൻ ജേതാവ് കൂടിയായ അമേരിക്കൻ താരം സ്ലൊയൻ സ്റ്റീഫൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പോളണ്ട് താരം തകർത്തത്. മത്സരത്തിൽ നാലു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഇഗ 6-3, 6-2 എന്ന സ്കോറിന് ജയം ഉറപ്പിക്കുക ആയിരുന്നു. എട്ടാം സീഡ് ജെസിക്ക പെഗ്യുല, 13 സീഡ് ബലിന്ത ബെനചിച്, 26 സീഡ് വിക്ടോറിയ അസരങ്ക എന്നിവരും മൂന്നാം റൗണ്ടിൽ എത്തി.

യു.എസ് ഓപ്പൺ

അതേസമയം യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടർക്കഥ ആവുകയാണ്. നാലാം സീഡ് ആയ സ്പാനിഷ് താരം പൗള ബഡോസയെ സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം പെട്ര മാർടിച് അട്ടിമറിച്ചു. മൂന്നു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് ടൈബ്രൈക്കറിൽ കൈവിട്ട ശേഷമാണ് പെട്ര നാലാം സീഡിനെ തോൽപ്പിച്ചത്. രണ്ടും മൂന്നും സെറ്റുകളിൽ നാലു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത പെട്ര 6-1, 6-2 എന്ന സ്കോറിന് ഈ രണ്ടു സെറ്റുകളും നേടി മത്സരം സ്വന്തമാക്കി. മത്സരത്തിൽ ഒമ്പത് ഏസുകൾ ആണ് ക്രൊയേഷ്യൻ താരം ഉതിർത്തത്. മൂന്നാം റൗണ്ടിൽ മൂന്നു തവണ റണ്ണറപ്പ് ആയ വിക്ടോറിയ അസരങ്കയാണ് പെട്രയുടെ എതിരാളി.