സീഡ് ചെയ്യാത്ത സ്പാനിഷ് താരം പ്ലാലോ ആന്തുജാറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഫ്രാൻസ് താരം 13 സീഡ് ഗെയിൽ മോൻഫിൽസ് യു.എസ് ഓപ്പൺ ആദ്യ എട്ടിലേക്ക് മുന്നേറി. എതിരാളിക്ക് ഒരവസരവും നൽകാത്ത മികച്ച പ്രകടനം തന്നെയാണ് ഫ്രഞ്ച് താരത്തിൽ നിന്നുണ്ടായത്. ഓരോ സെറ്റിലും എതിരാളിയുടെ സർവീസുകൾ തുടർച്ചയായി ഭേദിച്ച ഫ്രഞ്ച് താരം സ്പാനിഷ് താരത്തിന് വലിയ അവസരം ഒന്നും നൽകിയില്ല. ആദ്യ സെറ്റ് 6-1 നു നേടിയ താരം മൂന്നും നാലും സെറ്റുകൾ 6-2 നു നേടി ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. നേരത്തെ വനിത വിഭാഗത്തിൽ മോൻഫിൽസിന്റെ സുഹൃത്ത് എലീന സ്വിവിറ്റോലീനയും ആദ്യ എട്ടിൽ എത്തിയിരുന്നു, അതിനാൽ തന്നെ ഇത് ഇരട്ടിമധുരം പകരും ഇരു താരങ്ങൾക്കും.
അതേസമയം നിക്ക് ക്യൂരിയോസ്, സ്റ്റിസിപാസ് എന്നിവരെ മറികടന്ന് നാലാം റൗണ്ടിൽ എത്തിയ 21 കാരൻ റഷ്യൻ താരം ആന്ദ്ര റൂബ്ളേവിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് 24 സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനി അന്ത്യം കുറിച്ചു. മൂന്നാം സെറ്റിൽ ടൈബ്രേക്കറിലേക്ക് കളി നീട്ടാൻ ആയി എന്നത് ഒഴിച്ചാൽ ഇറ്റാലിയൻ താരത്തിന് വലിയ വെല്ലുവിളി ആവാൻ ഒരു ഘട്ടത്തിലും റഷ്യൻ യുവതാരത്തിന് ആയില്ല. ആദ്യ സെറ്റ് 6-1 നും രണ്ടാം സെറ്റ് 6-4 നും നേടിയ ഇറ്റാലിയൻ താരം മൂന്നാം സെറ്റിലെ ടൈബ്രേക്കറിലൂടെ ആദ്യ എട്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചു. ക്വാട്ടർ ഫൈനലിൽ മോൻഫിൽസിന് വലിയ വെല്ലുവിളി ഉയർത്താൻ ഇറ്റാലിയൻ താരത്തിന് ആയേക്കും.