യു.എസ് ഓപ്പണിൽ റോജർ ഫെഡററെ അട്ടിമറിച്ച് ദിമിത്രോവ് സെമിയിൽ

അവസാനം 38 വയസ്സിലെ റോജർ ഫെഡർറിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അവസാനം. നദാലുമായുള്ള സ്വപ്നഫൈനൽ എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഫെഡറർ മടങ്ങുന്നത്. ബൾഗേറിയയുടെ സീഡ് ചെയ്യാത്ത ഗ്രിഗോർ ദിമിത്രോവ് ആണ് ഫെഡററെ 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. ശാരീരികമായി ബുദ്ധിമുട്ടിയ ഫെഡറർക്ക് എതിരെ എട്ടാമത്തെ ശ്രമത്തിലെ ആദ്യജയം ആണ് ദിമിത്രോവിന് ഇത്. തന്റെ കരിയറിൽ 2017 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിന് ശേഷം ഇത് ആദ്യമായാണ് ബൾഗേറിയൻ താരം ഒരു ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. ഏതാണ്ട് 3 മണിക്കൂർ നീണ്ട 5 സെറ്റ് പോരാട്ടത്തിൽ ഫെഡറർക്ക് മേൽ വലിയ ആധിപത്യം നേടി ദിമിത്രോവ്.

ആദ്യ സെറ്റ് നേടിയ ശേഷം ആണ് ഫെഡറർ മത്സരം തോറ്റത്. 2018 ലെ വിംബിൾഡനിൽ കെവിൻ ആന്റേഴ്സനോട് ആണ് ഫെഡറർ അവസാനം ഇങ്ങനെ തോൽവി വഴങ്ങിയത്. ആദ്യ സെറ്റിൽ ഒരു തവണ ദിമിത്രോവിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ സെറ്റ് 6-3 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ സമാനമായ രീതിയിൽ തിരിച്ചടിച്ച ദിമിത്രോവ് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഫെഡറർ ശക്തമായ പോരാട്ടം കാഴ്ച വച്ചു, പലപ്പോഴും കടുത്ത വെല്ലുവിളി അതിജീവിച്ച് 6-3 നു മൂന്നാം സെറ്റ് സ്വിസ് മാന്ത്രികൻ സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ ഈ പ്രകടനം തുടരാൻ ഫെഡറർക്ക് ആയില്ല. ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ദിമിത്രോവ് മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ആധിപത്യം പിടിച്ചു. സെറ്റിൽ തുടർന്ന് ദിമിത്രോവിന്റെ സർവീസ് ഭേദിക്കാൻ കിട്ടിയ 5 അവസരങ്ങളും മുതലാക്കാൻ ഫെഡറർക്ക് ആവാതെ വന്നപ്പോൾ സെറ്റ് ദിമിത്രോവ് 6-4 നു സ്വന്തം പേരിൽ കുറിച്ചു.

അഞ്ചാം സെറ്റിന് മുമ്പ് ശാരീരികമായി അസ്വസ്ഥത കാണിച്ച ഫെഡറർ മെഡിക്കൽ ടൈം എടുക്കുക കൂടി ചെയ്തതോടെ അഞ്ചാം സെറ്റിൽ ശാരീരികമായി ഫെഡറർ പിടിച്ചു നിൽക്കില്ല എന്നുറപ്പായി. പ്രതീക്ഷിച്ച പോലെ അഞ്ചാം സെറ്റിൽ ഫെഡററിന്റെ ആദ്യ രണ്ട് സർവീസും ബ്രൈക്ക് ചെയ്ത ദിമിത്രോവ് പിന്നെ മത്സരത്തിൽ തിരിഞ്ഞു നോക്കിയില്ല. നിരവധി പിഴവുകളും ഫെഡറർ വരുത്തിയപ്പോൾ അനായാസം 6-2 നു അവസാന സെറ്റും മത്സരവും ദിമിത്രോവ് സ്വന്തമാക്കി. മുമ്പ് പലപ്പോഴും മികച്ച താരമായി കണക്കാക്കുമ്പോൾ പോലും കഴിവിനൊത്ത പ്രകടനം കാണിക്കാത്ത ദിമിത്രോവിന് സ്വയം തെളിയിക്കാൻ ഉള്ള വലിയ അവസരം ആവും സെമിഫൈനൽ. ഫെഡറർക്ക് ഇത് വലിയ നിരാശ പകരും എങ്കിലും ഈ പ്രായത്തിലും ശരീരത്തെ അതിജീവിച്ച് ക്വാട്ടർ വരെ എത്തിയത് ഒരു മികച്ച നേട്ടം തന്നെയാണ്. സെമിഫൈനലിൽ അഞ്ചാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്‌ ആണ് ദിമിത്രോവിന്റെ എതിരാളി. മികച്ച പോരാട്ടം ആവും സെമിഫൈനൽ എന്നുറപ്പാണ്. റഷ്യൻ താരത്തിനാണ് ചെറിയ മുൻതൂക്കം എങ്കിലും ദിമിത്രോവിനെ എഴുതി തള്ളാൻ ആവില്ല.