യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീനൻ താരവും ഒമ്പതാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാൻ. സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരമായ കാമറൂൺ നോറി ആണ് ഷ്വാർട്ട്സ്മാനെ അട്ടിമറിച്ചത്. ആദ്യ 2 സെറ്റുകൾ ജയിച്ച ശേഷം ആയിരുന്നു 5 സെറ്റ് നീണ്ട മാർത്തോൻ പോരാട്ടത്തിൽ അർജന്റീനൻ താരത്തിന്റെ പരാജയം. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കിയ ഷ്വാർട്ട്സ്മാനു പക്ഷെ മൂന്നാം സെറ്റ് മുതൽ ആ മുൻതൂക്കം നിലനിർത്താൻ ആയില്ല. മൂന്നാം സെറ്റ് 6-2 നു സ്വന്തമാക്കിയ ബ്രിട്ടീഷ് താരം മത്സരത്തിൽ തിരിച്ചു വന്നു.
നാലാം സെറ്റിൽ 6-1 നു ഗംഭീര പ്രകടനം നടത്തിയ ബ്രിട്ടീഷ് താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും അവസാന ബ്രൈക്ക് കണ്ടത്തിയ ബ്രിട്ടീഷ് താരം ഷ്വാർട്ട്സ്മാനെ 7-5 നു മറികടന്നു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം കനേഡിയൻ താരവും പന്ത്രണ്ടാം സീഡുമായ ഡെന്നിസ് ഷപോവലോവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരമായ സീഡ് ചെയ്യാത്ത സെബ്യാസ്റ്റ്യൻ കോർദയെ 4 സെറ്റ് പോരാട്ടത്തിൽ ആണ് കനേഡിയൻ താരം മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ താരം രണ്ടാം സെറ്റ് സമാനമായ സ്കോറിന് വഴങ്ങിയെങ്കിലും മൂന്നും നാലും സെറ്റുകളിൽ തിരിച്ചു വന്നു. മൂന്നാം സെറ്റ് 6-3 നും നാലാം സെറ്റ് 6-2 നും ജയിച്ച് ആയിരുന്നു ഷപോവലോവ് ആദ്യ റൗണ്ടിൽ ജയം കണ്ടത്.