യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നാലും അഞ്ചും സീഡുകൾ ആയ സിറ്റിപാസും സെരവും

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സിറ്റിപാസ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് തകർത്താണ് ഗ്രീക്ക് താരം ജയം കണ്ടത്. തന്റെ മികച്ച ഫോമിലായിരുന്ന സിറ്റിപാസ് മത്സരത്തിൽ 13 ഏസുകൾ ആണ് ഉതിർത്തത്. എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത താരം 6-2, 6-1, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം അനുഭവസമ്പന്നനായ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്സനെ ആണ് ജർമ്മൻ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടർ സെരവ് മറികടന്നത്.

ആന്റേഴ്സനെതിരെ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കിയ സാഷ രണ്ടാം സെറ്റ് 7-5 നു കൈവിട്ടു. എന്നാൽ 6-3 നു മൂന്നാം സെറ്റ് സ്വന്തമാക്കിയ സാഷ മത്സരത്തിലേക്ക് തിരിച്ചു വന്നു. നാലാം സെറ്റ് 7-5 നു സ്വന്തമാക്കി താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ ആന്റേഴ്സൻ 20 ഏസുകളും സാഷ 18 ഏസുകളും ആണ് ഉതിർത്തത്. ആദ്യ റൗണ്ടുകളിൽ മികച്ച ജയം സ്വന്തമാക്കാൻ സാധിച്ചത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന യുവ താരങ്ങളെ സംബന്ധിച്ച് ആത്മവിശ്വാസം പകരും എന്നുറപ്പാണ്.