യു.എസ് ഓപ്പണിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച മത്സരത്തിൽ നാലാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് ക്രൊയേഷ്യൻ താരം ബോർണ കോരിച്. 5 സെറ്റ് നീണ്ട പോരാട്ടത്തിൽ 6 മാച്ച് പോയിന്റുകൾ രക്ഷിച്ചാണ് 27 സീഡ് ജയം പിടിച്ച് എടുത്തത്. എല്ലാ നിലക്കും ആവേശം നിറഞ്ഞ മത്സരത്തിൽ അവിശ്വസനീയമായ കാഴ്ചകൾ ആണ് അരങ്ങേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ ടൈബ്രേക്കറിൽ ആധിപത്യം നേടി ഗ്രീക്ക് താരം ആ സെറ്റ് സ്വന്തമാക്കി.
എന്നാൽ രണ്ടാം സെറ്റിൽ സ്റ്റിസ്റ്റിപാസിനെതിരെ ബ്രൈക്ക് കണ്ടത്തിയ ബോർണ 6-4 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തിരിച്ചടിച്ച സ്റ്റിസ്റ്റിപാസ് ക്രൊയേഷ്യൻ താരത്തിന്റെ സർവീസിൽ വിള്ളലുകൾ കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് അകലെയാക്കി. നാലാം സെറ്റിലാണ് അവിശ്വസനീയമായ കാഴ്ചകൾ അരങ്ങേറിയത്. സെറ്റിൽ തുടക്കത്തിലെ ആധിപത്യം നേടിയ ഗ്രീക്ക് താരം ജയത്തിനു തൊട്ടരികിൽ എത്തി. എന്നാൽ 6 മാച്ച് പോയിന്റുകൾ രക്ഷിച്ച ബോർണ തുടർച്ചയായി 3 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തി സെറ്റ് അസാധാരണമായ വിധം 7-5 കയ്യിലാക്കിയത് അത്ഭുതകരമായ കാഴ്ച തന്നെയായിരുന്നു.
നാലാം സെറ്റിലെ തിരിച്ചടി ഞെട്ടിച്ചു എങ്കിലും അഞ്ചാം സെറ്റിൽ പരമാവധി പൊരുതുന്ന സ്റ്റിസ്റ്റിപാസിനെ ആണ് മത്സരത്തിൽ കണ്ടത്. എന്നാൽ ഇത്തവണ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് കയ്യിലാക്കിയ ബോർണ സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി. ലൂയിസ് ആംസ്ട്രോങ് മൈതാനത്തിൽ ഓർക്കാൻ നല്ലൊരു മത്സരം തന്നെയാണ് ഇരു താരങ്ങളും സമ്മാനിച്ചത്. സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച ആത്മവിശ്വാസം വരും റൗണ്ടുകളിൽ തുടരാൻ ആവും കോരിച്ച് ശ്രമിക്കുക.