യു.എസ് ഓപ്പണിൽ നിന്നു മുൻ ലോക ഒന്നാം നമ്പറും 19 സീഡുമായ കരോളിന വോസ്നിയാക്കി പുറത്ത്. മൂന്നാം റൗണ്ടിൽ 15 സീഡ് കാനഡയുടെ 19 കാരിയായ യുവതാരം ബിയാങ്ക ആന്ദ്രീസു ആണ് വോസ്നിയാക്കിയെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഇപ്രാവശ്യം പലരും പ്രതീക്ഷ പുലർത്തുന്ന കാനഡ താരത്തിന്റെ ജയം. ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി ആധിപത്യം നേടിയ ബിയാങ്ക രണ്ടാം സെറ്റും അതെസ്‌കോറിന് തന്നെ സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. ഇതേഫോമിൽ നാലാം റൗണ്ട് കടക്കാം എന്ന പ്രതീക്ഷയിൽ ആണ് കാനഡ താരം ഉള്ളത്.
അതേസമയം വിംബിൾഡൺ ജേതാവും നാലാം സീഡുമായ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് മൂന്നാം റൗണ്ടിൽ എത്തിയ അമേരിക്കയുടെ ടെയിലർ ടൗൺസെന്റും നാലാം റൗണ്ടിലേക്ക് മുന്നേറി. എതിരാളിയായ സൊറാനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ടൗൺസെന്റും മറികടന്നത്. ആദ്യ സെറ്റിൽ മികച്ച പോരാട്ടം നേരിട്ട അമേരിക്കൻ താരം പക്ഷെ സെറ്റ് 7-5 നു സ്വന്തമാക്കി. എന്നാൽ രണ്ടാം റൗണ്ടിൽ എതിരാളിക്ക് ഒരവസരവും നൽകാതിരുന്ന അമേരിക്കൻ താരം സെറ്റ് 6-2 നു സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി.