യു.എസ് ഓപ്പൺ വനിത വിഭാഗത്തിൽ അനായാസം മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ചെക് താരവും മൂന്നാം സീഡുമായ കരോളിന പ്ലിസ്‌കോവ. പ്ലിസ്‌കോവയുടെ മികവിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ത്രാണി എതിരാളിയായ മറിയം ബോൻക്വാഡ്സക്ക് ഉണ്ടായിരുന്നില്ല. ആദ്യ സെറ്റിൽ വെറും ഒരു ഗെയിം മാത്രം വിട്ടുകൊടുത്ത ചെക് താരം 6-1 നു ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റിൽ പൊരുതി നോക്കിയ എതിരാളിയിൽ നിന്നു 6-4 നു രണ്ടാം സെറ്റും നേടിയ പ്ലിസ്‌കോവ അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
അതേസമയം അട്ടിമറികൾ തുടർക്കഥയായ പുരുഷവിഭാഗത്തിൽ അമേരിക്കൻ താരത്തിന്റെ പോരാട്ടവീര്യം മറികടന്നാണ് 7 സീഡ് ജപ്പാന്റെ കെയ് നിഷികോരി മൂന്നാം റൗണ്ടിലേക്ക് കടന്നത്. 4 സെറ്റ് നീണ്ട മികച്ച പോരാട്ടത്തിന് ശേഷം ആയിരുന്നു സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബ്രാഡ്ലി ക്ലാൻ നിഷികോരിക്ക് മുന്നിൽ കീഴടങ്ങിയത്. ആദ്യ സെറ്റ് അനായാസം 6-2 നു സ്വന്തമാക്കിയ നിഷികോരിയിൽ നിന്നു രണ്ടാം സെറ്റ് 6-4 നു നേടി അമേരിക്കൻ താരം നയം വ്യക്തമാക്കി. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ നിഷികോരി ജയം ഒരു സെറ്റ് അകലെയാക്കി. നാലാം സെറ്റിൽ നിരവധി മാച്ച് പോയിന്റുകൾ രക്ഷിച്ച് എടുക്കാൻ അമേരിക്കൻ താരത്തിന് ആയെങ്കിലും 7-5 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കിയ നിഷികോരി മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.