വിംബിൾഡൺ ഫൈനലിൽ ഇഗ സ്വിറ്റെകിനോട് 6-0, 6-0 എന്ന സ്കോറിന് ഹൃദയഭേദകമായി പരാജയപ്പെട്ട ശേഷം തിരിച്ചു വന്നു യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരം അമാന്ത അനിസിമോവ. ക്വാർട്ടർ ഫൈനലിൽ ഇഗയെ തോൽപ്പിച്ചു പ്രതികാരം ചെയ്ത എട്ടാം സീഡ് ആയ താരം സെമിഫൈനലിൽ 23 സീഡ് ജപ്പാൻ താരം നയോമി ഒസാക്കയെ ഉഗ്രൻ പോരാട്ടത്തിന് ശേഷമാണ് മറികടന്നത്. ഒസാക്കയെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെടുത്തി അനിസിമോവ. ഒസാക്ക ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നേരിടുന്ന കരിയറിലെ ആദ്യ തോൽവിയാണ് ഇത്.
ആക്രമിച്ചു കളിച്ച അനിസിമോവ മത്സരത്തിൽ പേടിയില്ലാതെയാണ് പോരാടിയത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 46 വിന്നറുകൾ ആണ് അമേരിക്കൻ താരം ഇന്ന് ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കിൽ 7-6 നു നഷ്ടമായ ശേഷം തിരിച്ചു വന്ന അനിസിമോവ രണ്ടാം സെറ്റ് അതേ സ്കോറിന് തന്നെ ടൈബ്രേക്കിൽ തിരിച്ചു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തിയ അനിസിമോവ സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ഒസാക്കയുടെ സർവീസ് 6 തവണ അനിസിമോവ ബ്രേക്ക് ചെയ്തു. സ്വന്തം നാട്ടിൽ ആദ്യ ഗ്രാന്റ് സ്ലാം കിരീട നേട്ടം ആവും അനിസിമോവ ഫൈനലിൽ ഒന്നാം സീഡ് ആയ സബലങ്കക്ക് എതിരെ ലക്ഷ്യം വെക്കുക.