യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ജർമ്മൻ താരവും അഞ്ചാം സീഡും ആയ അലക്സാണ്ടർ സെരവ്. ഈ അടുത്ത് ടെന്നീസിൽ അരങ്ങേറ്റം കുറിച്ച അമേരിക്കൻ യുവ താരം ബ്രാൻഡൻ നകഷിമയെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന് ആണ് സെരവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ അമേരിക്കൻ താരത്തിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത് 7-5 നു സെറ്റ് കയ്യിലാക്കിയ ജർമ്മൻ താരത്തിന് പക്ഷെ രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നേരിടേണ്ടി വന്നു. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് കയ്യിലാക്കിയ അമേരിക്കൻ താരം തന്റെ മികവ് വ്യക്തമാക്കി.
എന്നാൽ മൂന്നു നാലു സെറ്റുകളിൽ തന്റെ മികവ് തിരിച്ചു പിടിച്ച സെരവ് 6-3, 6-1 എന്ന സ്കോറിന് അവസാന സെറ്റുകൾ കയ്യിലാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ 4 സെറ്റ് പോരാട്ടത്തിൽ ആയിരുന്നു ഏഴാം സീഡും ബെൽജിയം താരവും ആയ ഡേവിഡ് ഗോഫിൻ മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഗോഫിൻ പക്ഷെ രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ മികച്ച പ്രകടനം നടത്തിയ ഗോഫിൻ സെറ്റ് 6-1 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. നാലാം സെറ്റിലും ഈ മുൻതൂക്കം തുടർന്ന ഗോഫിൻ 6-4 നു സെറ്റ് നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.