അട്ടിമറി ഭീഷണി മറികടന്ന് അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ

Wasim Akram

ആറാം സീഡും ജർമ്മൻ താരവുമായ അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. അമേരിക്കൻ താരം സീഡ് ചെയ്യാത്ത ഫ്രാൻസസ് തിഫോയുമായുള്ള കനത്ത പോരാട്ടത്തിന് ശേഷമാണ് സെവർവ്വ് ജയം കണ്ടത്. മൂന്നു മണിക്കൂറും 5 സെറ്റും നീണ്ട പോരാട്ടത്തിൽ ജർമ്മൻ താരത്തിനു കനത്ത വെല്ലുവിളിയാണ് അമേരിക്കൻ താരം ഉയർത്തിയത്. ആദ്യ സെറ്റ് 6-3 നു നേടിയ സേവർവ്വിൽ നിന്നു രണ്ടാം സെറ്റ് അതേ സ്കോറിൽ തിരിച്ചു പിടിച്ചു അമേരിക്കൻ താരം. എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടി ആധിപത്യം സെവർവ്വ് തിരിച്ച് പിടിച്ചെങ്കിലും വിട്ടു കൊടുക്കാൻ തയ്യാറാകാതിരുന്ന അമേരിക്കൻ താരം 6-2 നു നാലാം സെറ്റ് സ്വന്തമാക്കി. പലപ്പോഴും സെവർവ്വിന്റെ ദൗർബല്യം നന്നായി മുതലെടുത്തു അമേരിക്കൻ താരം.

എന്നാൽ അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ അമേരിക്കൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു ആധിപത്യം നേടിയ സെവർവ്വ് ഈ ആധിപത്യം സെറ്റ് മുഴുവനും തുടർന്നു. ഒടുവിൽ 6-3 നു അഞ്ചാം സെറ്റും മത്സരവും ജർമ്മൻ താരത്തിന് സ്വന്തം. ജയിച്ചെങ്കിലും ജർമ്മൻ താരത്തിന്റെ മുന്നോട്ടുള്ള പ്രയാണം കടുപ്പമാകും എന്ന വ്യക്തമായ സൂചന മത്സരം നൽകി. അതേസമയം 15 സീഡ് പരിചയസമ്പന്നനായ ബെൽജിയത്തിന്റെ ഡേവിഡ്‌ ഗോഫിൻ ഫ്രഞ്ച് താരം ബരേരയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ 6-2,6-2,6-2. എതിരാളിയായ 12 സീഡും ക്രൊയേഷ്യൻ താരവും ആയ ബോർണ കോരിച്ച് പരിക്കേറ്റു പിൻമാറിയതോടെ ഗ്രിഗോർ ദിമിത്രോവും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു.