യു.എസ് ഓപ്പൺ രണ്ടാം റൗണ്ട് കടന്നു മെദ്വദേവ്, വാവറിങ്ക

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡും റഷ്യൻ താരവുമായ ഡാനിൽ മെദ്വദേവ്. സീസണിൽ മികച്ച ഫോമിലുള്ള റഷ്യൻ താരം തന്റെ സീഡിങ് ന്യായീകരിക്കുന്ന പ്രകടനം ആണ് രണ്ടാം റൗണ്ടിൽ പുറത്ത് എടുത്തത്. ഹൂഗോ ഡെല്ലിന് എതിരെ 4 സെറ്റ് നീണ്ട മത്സരത്തിനു ഒടുവിൽ ആയിരുന്നു റഷ്യൻ താരം ജയം കണ്ടത്. ആദ്യ സെറ്റ് 6-3 നു നേടിയ താരം രണ്ടാം സെറ്റ് 7-5 നും സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ 7-5 നു തിരിച്ചു വന്നു ഹൂഗോ. എന്നാൽ നാലാം സെറ്റിൽ തന്റെ മികവിലേക്ക്‌ വീണ്ടും ഉയർന്ന മെദ്വദേവ്‌ 6-3 നു സെറ്റും മത്സരവും സ്വന്തമാക്കി. മികച്ച ഫോമിൽ ഉള്ള താരത്തിന് ടൂർണമെന്റിൽ അത്ഭുതങ്ങൾ കാണിക്കാം എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

അതേസമയം മുൻ ജേതാവ് ആയ 23 സീഡ് സ്വിസ് താരം സ്റ്റാൻ വാവറിങ്കയും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ജെറമി ചാർഡിക്ക് എതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിന് ശേഷം ആയിരുന്നു വാവറിങ്കയുടെ ജയം. 6-4,6-3 എന്ന നിലക്ക് ആദ്യ രണ്ട് സെറ്റുകൾ നേടിയ വാവറിങ്കക്ക് എതിരെ ടൈബ്രേക്കറിലൂടെ മൂന്നാം സെറ്റ് 7-6 നു ഫ്രഞ്ച് താരം സ്വന്തമാക്കി. എന്നാൽ 6-3 നു നാലാം സെറ്റും മത്സരവും നേടിയ വാവറിങ്ക തന്റെ പരിചയസമ്പത്ത് മത്സരത്തിൽ നന്നായി ഉപയോഗിച്ചു. ടൂർണമെന്റിൽ മുന്നോട്ടു പോകാൻ ശാരീരികക്ഷമത തന്നെയാവും വാവറിങ്കക്ക് മുന്നിൽ തടസ്സം ആവുക.

Previous articleഅട്ടിമറി ഭീഷണി മറികടന്ന് അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ
Next articleകാൻസറിനോട് പൊരുതി ലൂയിസ് എൻറിക്വയുടെ മകൾ മരണത്തിന് കീഴടങ്ങി