കാത്തിരിപ്പിന് വിരാമം ആകുന്നു, ദോഹയിൽ റോജർ ഫെഡററിന്റെ തിരിച്ചു വരവ് കാത്ത് ലോകം

കായിക പ്രേമികളുടെ കാത്തിരിപ്പിന് ദോഹയിൽ അടുത്ത് തന്നെ വിരാമം ആവും. ഒരു കൊല്ലത്തിനു മേലുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് റോജർ ഫെഡറർ ഈ ആഴ്ച തന്നെ ടെന്നീസ് കളത്തിൽ തിരിച്ചെത്തും. ദോഹ ഓപ്പണിൽ രണ്ടാം റൗണ്ടിൽ ആയിരിക്കും ഫെഡററിന്റെ തിരിച്ചു വരവ്. 2020 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനോട് തോൽവി വഴങ്ങിയ ശേഷം നീണ്ട ഒരു കൊല്ലത്തിന് മുകളിൽ ആണ് പരിക്ക് കാരണം 39 കാരൻ ആയ ഫെഡറർ ടെന്നീസ് കളത്തിൽ നിന്നു വിട്ടു നിന്നത്.

ഇരുപതു തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ഫെഡറർ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ തിരിച്ചു വരാൻ ആണ് തീരുമാനിച്ചത് എങ്കിലും പരിക്ക് പൂർണമായും വിട്ട് മാറാത്തത് കൊണ്ട് തിരിച്ചു വരവ് ദോഹയിലേക്ക് ആക്കുക ആയിരുന്നു. ദോഹ ഓപ്പൺ ഏറ്റവും കൂടുതൽ ജയിച്ച ഫെഡറർക്ക് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. രണ്ടാം റൗണ്ടിൽ ഡാൻ ഇവാൻസ്, ജെറമി ചാർഡി മത്സരവിജയിയെ ആവും ഫെഡറർ നേരിടുക. ടൂർണമെന്റിൽ ലോക നാലാം നമ്പർ ഡൊമനിക് തീം, നിലവിലെ ജേതാവ് ആന്ദ്ര റൂബ്ലേവ്, 2019 ലെ ജേതാവ് റോബർട്ടോ ബാറ്റിസ്റ്റോ അഗ്യുറ്റ് തുടങ്ങിയവരിൽ നിന്നു കടുത്ത വെല്ലുവിളി ആവും നേരിടുക.

എ. ടി.പി 250 ടൂർണമെന്റ് ആയ ദോഹക്ക് ശേഷം എ. ടി. പി 1000 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിലും ഫെഡറർ കളിക്കും. ഈ വർഷം പ്രധാനമായും വിംബിൾഡൺ, ഒളിമ്പിക്സ്, യു.എസ് ഓപ്പൺ എന്നിവയിൽ മികച്ച പ്രകടനം ലക്ഷ്യം വക്കുന്ന ഫെഡറർ തനിക്ക് ഇനിയും ബാല്യമുണ്ട് എന്നു തെളിയിക്കാൻ ആവും കളത്തിൽ ഇറങ്ങുക. പരിക്കിൽ നിന്നു മുക്തനായി എന്നു പറഞ്ഞ ഫെഡറർ താൻ നിലവിൽ വേദനയിൽ നിന്നു മുക്തൻ ആണെന്നും വ്യക്തമാക്കി. ഒരിക്കലും വിരമിക്കലിനെ കുറിച്ച് ചിന്തിച്ചില്ലെന്നു പറഞ്ഞ ഫെഡറൽ താൻ ടൂർണമെന്റിനു പൂർണമായും തയ്യാറാണെന്നും പരിശീലനം തൃപ്തികരമാണെന്നും കൂട്ടിച്ചേർത്തു. ഒരു വർഷമായി ഫെഡററിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന ടെന്നീസ് ആരാധകർക്ക് വലിയ ആവേശം ആവും ദോഹ ഓപ്പൺ നൽകുക എന്നുറപ്പാണ്.