“ഡക്ലൻ റൈസിനെ 100 മില്യൺ നൽകിയാലും വിൽക്കില്ല”

വെസ്റ്റ് ഹാം മധ്യനിര താരമായ ഡക്ലൻ റൈസിനെ എത്ര പണം നൽകിയാലും വിൽക്കില്ല എന്ന് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. റൈസിനെ വാങ്ങണം എങ്കിൽ 100 മില്യൺ വേണ്ടി വരും എന്ന് വെസ്റ്റ് ഹാം ഉടമ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ആ 100 മില്യണേക്കാൾ എത്രയോ മുകളിലാണ് റൈസിന്റെ മൂല്യം എന്ന് മോയിസ് പറഞ്ഞു. താരത്തെ വിൽക്കാൻ ക്ലബ് ഉദ്ദേശിക്കുന്നില്ല എന്നും മോയിസ് പറഞ്ഞു.

മറ്റു താരങ്ങൾക്കൊക്കെ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുന്ന വില കാണുമ്പോൾ റൈസിന് 100 മില്യൺ ഒന്നും പോര എന്നും മോയ്സ് പറയുന്നു. ഇപ്പോൾ റൈസിന് ക്ലബിൽ കരാർ ഉണ്ട് അതുകൊണ്ട് താരം വിചാരിച്ചാലും ക്ലബ് വിടാൻ ആവില്ല എന്നും മോയിസ് പറഞ്ഞു. ഇതുവരെ ഒരു ക്ലബും റൈസിനു വേണ്ടി സമീപിച്ചിട്ടില്ല ഒരു ഓഫറും വരരുത് എന്നാണ് തന്റെ ആഗ്രഹം എന്നും മോയിസ് പറയുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലെങ്കിലും റൈസിനെ ടീമിൽ നിലനിർത്താൻ ആകും എന്നും അദ്ദേഹം പറഞ്ഞു.