ടോക്കിയോ ഒളിമ്പിക്‌സിൽ ഇതിഹാസ താരം റോജർ ഫെഡറർ ഉണ്ടാവും. ഫെഡററെ ഉൾപ്പെടുത്തി സ്വിസ് ഒളിമ്പിക് അസോസിയേഷൻ അവരുടെ ഒളിമ്പിക് ടീം പുറത്ത് വിട്ടതോടെയാണ് ഫെഡറർ ഒളിമ്പിക്സ് കളിക്കും എന്നുറപ്പായത്. ഫെഡററിന്റെ മൂന്നാം ഒളിമ്പിക്സ് ആയിരിക്കും ഇത്. 2008 ബെയിജിങ്, 2012 ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഫെഡറർക്ക് 2016 ലെ റിയോ ഒളിമ്പിക്‌സിൽ പരിക്ക് മൂലം പങ്കെടുക്കാൻ ആയിരുന്നില്ല. 2008 ൽ വാവറിങ്കക്ക് ഒപ്പം ഡബിൾസിൽ സ്വർണ മെഡൽ നേടിയ ഫെഡറർ 2012 ൽ സിംഗിൾസിൽ വെള്ളി മെഡലും നേടി.
മൂന്നു പേർ അടങ്ങുന്ന സ്വിസ് ഒളിമ്പിക് ടെന്നീസ് ടീമിൽ ഫെഡറർ മാത്രമാണ് ഏക പുരുഷ താരം. ഫെഡറർക്ക് പുറമെ ബലിന്ത ബെനചിച്, വികോറിയ ഗോലുബിക് എന്നിവർ ആണ് സ്വിസ് ടെന്നീസ് ടീമിൽ ഉള്ളത്. ഇവർ സിംഗിൾസിലും വനിത ഡബിൾസിലും പങ്കെടുക്കും. ഒളിമ്പിക്സ് അവസാനിക്കുമ്പോൾ 40 വയസ്സ് ആവുന്ന ഫെഡറർ ഇത് വരെ കൈവരിക്കാൻ ആവാത്ത ഒളിമ്പിക് സ്വർണം എന്ന സ്വപ്നം ആണ് ടോക്കിയോയിൽ പിന്തുടരുക. 116 അംഗങ്ങൾ അടങ്ങിയ ടീം ആണ് സ്വിസർലൻഡിനെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സിൽ ഇറങ്ങുക. സ്വിസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് ടീം ആണ് ഇത്.