ഹൃദയം തകർത്ത നിരാശജനകമായ ഒളിമ്പിക് ടെന്നീസ് പരാജയങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു നൊവാക് ജ്യോക്കോവിച്ച്. ഗോൾഡൻ സ്‌ലാം എന്ന അപൂർവ നേട്ടവും ആദ്യ ഒളിമ്പിക് സ്വർണവും തേടിയെത്തിയ ലോക ഒന്നാം നമ്പർ താരമായ ജ്യോക്കോവിച്ച് ആദ്യം സെമിയിലും പിന്നീട് വെങ്കല മെഡൽ പോരാട്ടത്തിലും തോൽവി വഴങ്ങുകയായിരുന്നു. തോൽവിയിൽ കടുത്ത നിരാശ കളത്തിൽ പ്രകടിപ്പിച്ച ജ്യോക്കോവിച്ച് പരിക്ക് കാരണം മിക്സഡ് ഡബിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർച്ചയായ മത്സരങ്ങൾക്ക് ശേഷവും ഒളിമ്പിക്‌സിൽ കളിക്കാൻ ഇറങ്ങിയതിൽ തനിക്ക് വിഷമം ഇല്ലെന്നു പറഞ്ഞ ജ്യോക്കോവിച്ച് രാജ്യത്തിനു ആയി മെഡൽ നേടാൻ ആവാത്തതിൽ കടുത്ത സങ്കടം രേഖപ്പെടുത്തി.
ഒളിമ്പിക്‌സിൽ അടക്കം പല വലിയ ടൂർണമെന്റിലും താൻ ഇതിനു മുമ്പ് തോറ്റിട്ടുണ്ട് എന്നു ഓർമ്മിപ്പിച്ച ജ്യോക്കോവിച്ച് ഈ പരാജയങ്ങൾ എന്നും തന്നെ കൂടുതൽ ശക്തൻ ആണ് ആക്കിയത് എന്നും കൂട്ടിച്ചേർത്തു. തിരിച്ചു വരും എന്ന് ആവർത്തിച്ച ജ്യോക്കോവിച്ച് 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ സെർബിയക്ക് ആയി മെഡൽ നേടാൻ ആവും തന്റെ ശ്രമം എന്നും പറഞ്ഞു. സെർബിയയിലെ തന്റെ ആരാധകരെ സങ്കടത്തിൽ ആക്കിയതിൽ നിരാശ പങ്ക് വച്ച ജ്യോക്കോവിച്ച് അതാണ് സ്പോർട്സ് എന്നും അവരെ ഓർമ്മിപ്പിച്ചു. താൻ തന്റെ കഴിവിന്റെ പരമാവധി നൽകിയെങ്കിലും അത് ഒളിമ്പിക്‌സിൽ മതിയായിരുന്നില്ല എന്നും ലോക ഒന്നാം നമ്പർ താരം കൂട്ടിച്ചേർത്തു.