ഒളിമ്പിക് ടെന്നീസിൽ വമ്പൻ അട്ടിമറി, ജപ്പാൻ സൂപ്പർ താരം നയോമി ഒസാക്ക പുറത്ത്

Img 20210727 Wa0089

ഒളിമ്പിക്‌ ടെന്നീസിൽ മൂന്നാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങി ജപ്പാൻ സൂപ്പർ താരം നയോമി ഒസാക്ക. ലോക 42 റാങ്കുകാരി ചെക് താരം മാർക്കെട്ട വോന്ദ്രോസോവയോട് നേരിട്ടുള്ള സെറ്റുകൾക്ക് ഒസാക്ക തകർന്നടിഞ്ഞു. 6-1 ആദ്യ സെറ്റിൽ ഒന്നു പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ ഒസാക്ക രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. ഒസാക്കയിലൂടെ മെഡൽ പ്രതീക്ഷിച്ച ജപ്പാന് ഇത് വലിയ തിരിച്ചടിയായി. അതേസമയം സ്വിസ് താരം ബലിന്ത ബെനചിച്ചിനോട് ഫ്രഞ്ച് ഓപ്പൺ ജേതാവ് ചെക് താരം ബാർബൊറ ക്രജികോവയും മൂന്നാം റൗണ്ടിൽ തോൽവി വഴങ്ങി. ആദ്യ സെറ്റ് 6-1 നേടിയ ശേഷം ആയിരുന്നു 6-1, 2-6, 3-6 എന്ന സ്കോറിന് ക്രജികോവയുടെ തോൽവി.

ഗ്രീക്ക് താരം മരിയ സക്കാരിയെ ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ട ഉക്രൈൻ താരം എലീന സ്വിറ്റോലീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 6-3, 6-4 എന്ന സ്കോറിന് ആണ് സ്വിറ്റോലീന രണ്ടും മൂന്നും സെറ്റുകളിൽ ജയം കണ്ടത്. പുരുഷ ടെന്നീസിൽ രണ്ടാം റൗണ്ടിൽ വിംബിൾഡൺ ആദ്യ റൗണ്ടിലെ പരാജയത്തിന് മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് അമേരിക്കൻ താരം ഫ്രാൻസസ് ടിയഫെയോട് പ്രതികാരം ചെയ്തു. 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു സിറ്റിപാസിന്റെ ജയം. അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനും മൂന്നാം റൗണ്ടിൽ എത്തിയപ്പോൾ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയോട് തോറ്റു പുറത്ത് പോയി.

Previous articleവരാനെ നാളെ മാഞ്ചസ്റ്ററിലേക്ക്, ക്വാറന്റൈൻ കഴിഞ്ഞ് മെഡിക്കലും പ്രഖ്യാപനവും
Next articleമിഡ്‌ഫീൽഡർ സൂരജ് റാവത്ത് ശ്രീനിധി എഫ് സിയിൽ