‘മിറർ ഇരട്ടകൾ’ കളം വിടുമ്പോൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസ് പുരുഷ ഡബിൽസിലെ എക്കാലത്തെയും മഹത്തായ താരങ്ങൾ ആയ ബ്രയാൻ സഹോദരങ്ങൾ ടെന്നീസിനോട് വിട പറഞ്ഞു. 5 യു.എസ് ഓപ്പൺ അടക്കം 16 തവണ ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആയ മൈക്ക്, ബോബ് ബ്രയാൻ സഹോദരങ്ങൾ ടെന്നീസ് പുരുഷ ഡബിൾസിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാമുകൾ നേടിയ ജോഡി കൂടിയാണ്. നിലവിൽ 42 വയസ്സ് ആയ സഹോദരങ്ങൾ ഈ വർഷത്തെ യു.എസ് ഓപ്പണിൽ കളിക്കുന്നില്ല എന്നത് വിരമിക്കൽ പ്രഖ്യാപനം ഉണ്ടാവും എന്നതിന് സൂചന നൽകി. കോവിഡ് മൂലം ടെന്നീസ് നിർത്തുന്നതിനു മുമ്പ് അമേരിക്കക്ക് ആയി ഡേവിസ് കപ്പ് യോഗ്യത നേടി കൊടുത്ത് കൊണ്ട് ജയത്തോടെ ആണ് ഇരുവരും നീണ്ട കരിയറിന് വിരാമം കുറിക്കുന്നത്.

1978 ഏപ്രിൽ 29 ൽ ആണ് ഐഡൻഡിക്കൽ ഇരട്ടകൾ ആയ സഹോദരങ്ങൾ ജനിക്കുന്നത്. 2 മിനിറ്റിനു മൈക്ക് ആയിരുന്നു ബോബിനെക്കാൾ മൂത്തത്. ചെറുപ്പത്തിൽ തന്നെ ടെന്നീസ് ലോകത്ത് എത്തിയ ഇരുവരും അണ്ടർ 10 വിഭാഗത്തിൽ ഡബിൾസിൽ ആറാം വയസ്സിൽ തന്നെ ജേതാക്കൾ ആയാണ് തങ്ങളുടെ വരവ് അറിയിക്കുന്നത്. തുടർന്ന് അങ്ങോട്ട് ബ്രയാൻ സഹോദരങ്ങൾ ഡബിൾസിൽ സ്വന്തമാക്കിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. മൈക്ക് വലത് കയ്യൻ ആയപ്പോൾ ബോബ് ഇടത് കയ്യൻ ആയിരുന്നു, അതിനാൽ തന്നെ മിറർ ഇരട്ടകൾ എന്നും ബ്രയാൻ സഹോദരങ്ങൾ അറിയപ്പെട്ടു. ആദ്യ കാലത്ത് ഫിൽ ഫാർമർ പിന്നീട് വളരെയധികം കാലം ഡേവിഡ് മാക്പേഴ്സൻ എന്നിവർ ആയിരുന്നു ബ്രയാൻ സഹോദരങ്ങളുടെ പരിശീലകർ. കളത്തിലെ ആധിപത്യത്തോട് ഒപ്പം അവരുടെ പ്രസിദ്ധമായ വിജയാഹ്ലാദവും കാണികളെ എന്നും ആവേശത്തിൽ ആഴ്ത്തിയിരുന്നു.

നിലവിൽ ശരിയായ സമയത്ത് ആണ് തങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുന്നത് എന്നു പ്രഖ്യാപിച്ച സഹോദരങ്ങൾ, ഈ പ്രായത്തിൽ കളത്തിലേക്ക് ഇറങ്ങാൻ കൂടുതൽ ശാരീരിക ക്ഷമത ആവശ്യമാണ് എന്നും കൂട്ടിച്ചേർത്തു. ഏതാണ്ട് ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ ഇരുവരും ചേർന്ന് 1100 ലേറെ ജയങ്ങൾ ആണ് സ്വന്തമാക്കിയത്. 119 കിരീടങ്ങൾ ഈ കാലയളവിൽ നേടിയ ഇരുവരും അമേരിക്കക്ക് ആയി ഒളിമ്പിക്‌സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2003 ൽ ഫ്രഞ്ച് ഓപ്പണിലൂടെയാണ് ഇരുവരും തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം നേട്ടം കൈവരിക്കുന്നത് തുടർന്ന് 2006 ൽ വിംബിൾഡൺ നേടിക്കൊണ്ടു അവർ കരിയർ ഗ്രാന്റ് സ്‌ലാം എന്ന നേട്ടവും പൂർത്തിയാക്കി. ആറു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ഇരുവരും 5 തവണയാണ് യു.എസ് ഓപ്പൺ ഉയർത്തിയത്. മൂന്നു തവണ വിംബിൾഡൺ ജേതാക്കൾ ആയ ഇരുവരും 2 തവണ ഫ്രഞ്ച് ഓപ്പണിലും ജയം കണ്ടു.

2001 ൽ തങ്ങളുടെ ആദ്യ കിരീടാനേട്ടം സ്വന്തമാക്കുന്ന അവർ ആ വർഷം ആദ്യമായി വിംബിൾഡൺ സെമിഫൈനലിൽ എത്തി ഗ്രാന്റ് സ്‌ലാമിൽ വരവ് അറിയിച്ചു. തുടർന്നാണ് 2003 ലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ പ്രവേശനവും ഫ്രഞ്ച് ഓപ്പൺ കിരീടാനേട്ടവും ഉണ്ടാവുന്നത്. 2007 ൽ അമേരിക്കക്ക് നിലവിലെ ജേതാക്കൾ ആയ റഷ്യക്ക് മേൽ ഡേവിസ് കപ്പ് നേടാൻ ബ്രയാൻ സഹോദരങ്ങളുടെ പ്രകടനം നിർണായകമായി. ഇതിനു പുറമെ 26 കൊല്ലത്തിനിടയിൽ എ. ടി. പി 1000 മാസ്റ്റേഴ്സ് 39 തവണയാണ് ബ്രയാൻ സഹോദരങ്ങൾ നേടിയത്. 2014 ൽ ഷാങ്ഹായ് 1000 മാസ്റ്റേഴ്സ് നേടിയ അവർ ചരിത്രത്തിൽ ആദ്യമായി ഡബിൾസ്, സിംഗിൾസ് ഏത് വിഭാഗത്തിലും ഗോൾഡൻ മാസ്റ്റേഴ്സ് നേടുന്ന ആദ്യ താരങ്ങൾ ആയും മാറിയിരുന്നു. 4 ലോക ടൂർ ഫൈനലുകൾ ജയിച്ച അവർ, അമേരിക്കക്ക് ആയി 2007 ൽ ഡേവിസ് കപ്പ് ജയത്തിലും പങ്കാളികൾ ആയി. 438 ആഴ്ച ലോക ഒന്നാം നമ്പർ ആയിരുന്ന ബ്രയാൻ സഹോദരങ്ങളുടെ പേരിൽ ആണ് ആ റെക്കോർഡും. അതോടൊപ്പം 10 വർഷം ലോക ഒന്നാം റാങ്കിൽ വർഷം പൂർത്തിയാക്കാൻ ആയി എന്ന റെക്കോർഡും അവരുടെ പേരിൽ തന്നെയാണ്.

 

2012 ലെ ലണ്ടൻ ഒളിമ്പിക്സ് സ്വർണമെഡൽ നേട്ടത്തിന് പിറമെ 2008 ൽ വെങ്കലമെഡൽ നേടാനും ഇരുവർക്കും ആയി. ഇതിനു പിറമെ 2018 ൽ മൈക്ക് ബ്രയാൻ ജാക്ക് സോക്കും ആയി ചേർന്നു പുരുഷ ഡബിൾസിൽ വിംബിൾഡൺ, യു.എസ് ഓപ്പൺ കിരീടങ്ങളും ഉയർത്തി. അതേസമയം മിക്സഡ് ഡബിൾസിൽ ബോബിന് 7 ഗ്രാന്റ് സ്‌ലാം നേട്ടമുള്ളപ്പോൾ മൈക്കിന് 4 എണ്ണം മാത്രമേ ഉള്ളു. സാക്ഷാൽ മാർട്ടിന നവരിതിലോവ, വീനസ് വില്യംസ്, വിക്ടോറിയ അസരങ്ക എന്നിവർ ബോബിനൊപ്പം മിക്സഡ് ഡബിൾസിൽ പങ്കാളി ആയിട്ടുണ്ട്. അതേസമയം ലിസ റെയ്‌മണ്ടുമായി ചേർന്ന് ആയിരുന്നു മൈക്കിന്റെ മിക്സഡ് ഡബിൾസ് നേട്ടങ്ങളിൽ ഭൂരിപക്ഷവും. കഴിഞ്ഞ വർഷം ഈ വർഷത്തെ യു.എസ് ഓപ്പണിനു ശേഷം ടെന്നീസിൽ നിന്നു വിരമിക്കും എന്നു പ്രഖ്യാപിച്ച സഹോദരങ്ങൾക്ക് കോവിഡ് തിരിച്ചടി ആയി. സ്വന്തം മണ്ണിൽ അവസാന ഗ്രാന്റ് സ്‌ലാമിലൂടെ വിരമിക്കാനുള്ള അവസരം ബ്രയാൻ സഹോദരങ്ങൾക്ക് ലഭിക്കാത്തതിൽ ആരാധകർ നിരാശയിലാണ്. ടെന്നീസ് ചരിത്രം തന്നെ കണ്ട ഏറ്റവും മഹത്തായ, അത്യപൂർവമായ ടെന്നീസ് വിസ്മയം തന്നെയായിരുന്നു ബ്രയാൻ സഹോദരങ്ങൾ എന്നത് ആണ് വാസ്തവം.