കോവിഡ് മൂലം എന്നു പുനരാരംഭിക്കും എന്നുറപ്പില്ലാത്ത വിധം ടെന്നീസ് സീസൺ നിർത്തി വച്ചതിനാൽ പരിശീലനം നടത്തുന്നതിൽ അർത്ഥമില്ലെന്നു ഇതിഹാസതാരവും ലോക നാലാം റാങ്ക് കാരനും ആയ റോജർ ഫെഡറർ. മാർച്ചിൽ കോവിഡ് മൂലം ടെന്നീസ് നിർത്തുന്നതിനും മുമ്പ് കാൽ മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറർ ജനുവരിയിൽ ഓസ്‌ട്രേലിയൻ സെമിഫൈനലിൽ ജ്യോക്കോവിച്ചിനോട് തോറ്റ ശേഷം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ താൻ പരിശീലനത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല എന്നു പ്രതികരിച്ച ഫെഡറർ താൻ കുടുംബത്തോട് ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത് എന്നും വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ടെന്നീസ് സീസൺ പൂർണമായും ശരിയായ രീതിയിൽ തിരിച്ചു വരാൻ കുറെ കാലം എടുക്കും എന്നാണ് ഫെഡററിന്റെ പക്ഷം. 2016 ൽ ശസ്‌ത്രക്രിയക്ക് വിധേയമായ ശേഷം 5 ആഴ്ച സ്വന്തം വീട്ടിൽ ചിലവഴിച്ചിട്ടില്ലാത്ത തനിക്ക് ഇത് കുടുംബവും ആയി ചിലവഴിക്കാൻ പറ്റുന്ന നല്ല സമയം ആണെന്നും ഫെഡറർ പറഞ്ഞു. എന്നാൽ അതേസമയം തിരിച്ചു വരേണ്ട സമയത്ത് താൻ തയ്യാർ ആയിരിക്കും എന്ന് പറഞ്ഞ ഫെഡറർ താൻ എന്നും പ്രചോദിതൻ ആണെന്നും പറഞ്ഞു. അതേസമയം തനിക്ക് ഇപ്പോൾ ശരിയായ വിശ്രമം ആവശ്യമാണ് എന്നാണ് ഫെഡറർ വ്യക്തമാക്കിയത്. അതേസമയം റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്ച് എന്നിവർ സമീപകാലത്ത് പരിശീലനത്തിൽ ഏർപ്പെട്ടു തുടങ്ങിയിരുന്നു.