മറ്റ് ടെന്നീസ് ടൂർണമെന്റുകളെ അവഗണിച്ചു ടൂർണമെന്റ് മാറ്റി വച്ചും, എ. ടി. പി, ഡബ്യു.ടി.എ അഭിപ്രായങ്ങളെ പോലും പരിഗണിക്കാതെ തീരുമാനങ്ങൾ എടുത്തും വിവാദത്തിൽ ആയ ഫ്രഞ്ച് ഓപ്പണിൽ സാഹചര്യങ്ങൾ താരങ്ങൾക്ക് കഠിനം ആവും എന്നു ആദ്യ ദിനം തന്നെ സൂചനകൾ. കൊറോണ വൈറസ് ലോകത്ത് വിതച്ച നാശങ്ങൾ കാരണം 4 മാസത്തിനു ശേഷം നടത്താൻ തീരുമാനിച്ച ഫ്രഞ്ച് ഓപ്പണിന് മുമ്പും ഫ്രഞ്ച് കാലാവസ്ഥ വില്ലൻ ആവും എന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. അത് സാധൂകരിക്കുന്ന വിധം ആണ് ഇന്ന് കാര്യങ്ങൾ നീങ്ങിയത്. ഡാങ്ക കോവിനിചിനെ ആദ്യ റൗണ്ട് മത്സരത്തിൽ ആണ് അധികൃതർക്ക് എതിരെ ക്ഷുഭിതയായി പത്താം സീഡ് വിക്ടോറിയ അസരങ്ക കളം വിട്ടത്.
മത്സരം തുടങ്ങി ആദ്യ 15 മിനിറ്റിൽ തന്നെ മഴയും തണുപ്പും കളിക്ക് തടസം ആയി. ഏതാണ്ട് 10 ഡിഗ്രി വരെ താഴ്ന്ന ചൂട് താരങ്ങളെ ബുദ്ധിമുട്ടിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ വന്ന അധികൃതർക്ക് നേരെ രൂക്ഷമായി ആണ് അസരങ്ക പ്രതികരിച്ചത്. മത്സരത്തിൽ 2-1 നു മുന്നിട്ടു നിൽക്കുക ആയിരുന്ന അസരങ്ക മഴയത്ത് കളിപ്പിക്കുന്നതിനെയും വിമർശിച്ചു, തങ്ങൾക്ക് റാക്കറ്റ് പോലും മര്യാദക്ക് പിടിക്കാൻ സാധിക്കുന്നില്ലെന്നു പരാതിപ്പെട്ട ബെലാറസ് താരം 8 ഡിഗ്രി തണുപ്പിൽ എങ്ങനെയാണ് കളിക്കുക എന്നും ചോദിച്ചു. താൻ ഇനിയും കാത്തിരിക്കാൻ തയ്യാർ അല്ലെന്ന് പറഞ്ഞ അസരങ്ക ഉടൻ കളം വിടുകയും ചെയ്തു. പിന്നീട് പുനരാരംഭിച്ച മത്സരം 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അസരങ്ക കയ്യിലാക്കുകയും ചെയ്തു. പലപ്പോഴും കാറ്റും, മഴയും അടക്കമുള്ള കാലാവസ്ഥ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള ഫ്രഞ്ച് ഓപ്പണിന് നിലവിലെ ഫ്രഞ്ച് സാഹചര്യങ്ങൾ കടുത്ത വെല്ലുവിളി ആവും ഉയർത്തുക എന്നുറപ്പാണ്. അസരങ്കയുടെ പരാതി മറ്റ് താരങ്ങൾ തുടർന്നുള്ള ദിനങ്ങളിൽ ഏറ്റെടുക്കുമോ എന്നു കണ്ടു തന്നെ അറിയണം.