സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ മുന്നൊരുക്കമായി മത്സരങ്ങൾ കളിക്കാതെ ആണ് ടൂർണമെന്റിൽ എത്തിയത് എങ്കിലും അതൊന്നും കളത്തിൽ കണ്ടില്ല. കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ആയ ഓസ്ട്രിയൻ താരം മത്സരത്തിൽ ഒരവസരം പോലും സിലിച്ചിനു നൽകിയില്ല. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ സിലിച്ചിനെ തീം ബ്രൈക്ക് ചെയ്തു. സർവീസിലും മികവ് തുടർന്ന തീം തന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് കോർട്ടിൽ 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് സിലിച്ചിനെ തകർത്തത്.

അതേസമയം 19 സീഡ് ആയ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ ആലിയാസമെ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത യുവ ജപ്പാൻ താരം യോഷിഹിറ്റോ നിഷിയോക്ക ആണ് ഫെലിക്സിനെ അട്ടിമറിച്ചത്. ആറു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഫെലിക്സിനെ 6 തവണ ബ്രൈക്ക് ചെയ്ത നിഷിയോക്ക 7-5, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫെലിക്സിനെ നാണം കെടുത്തിയത്. 14 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി. സീഡ് ചെയ്യാത്ത മികയിൽ കുകുഷ്‌കിന് എതിരെ 4 സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-7, 0-6 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം പരാജയം സമ്മതിച്ചത്.