തടയാൻ ആളില്ല, തുടർച്ചയായ 35 മത്തെ ജയം, രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം! ഇത് ഇഗയുടെ യുഗം!

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ രണ്ടാം തവണയും ചുംബിച്ചു പോളണ്ട് താരവും ലോക ഒന്നാം നമ്പറും ആയ ഇഗ സ്വിറ്റെക്. തുടർച്ചയായ 35 മത്തെ മത്സരത്തിൽ ജയം കണ്ടത്തിയ 21 കാരി 2000 നു ശേഷം വിജയ കുതിപ്പിൽ വീനസ് വില്യംസിന്റെ റെക്കോർഡിനു ഒപ്പവും ഇതോടെ എത്തി. ടൂർണമെന്റിൽ ഉടനീളം ഒരു വെല്ലുവിളിയും ഇല്ലാതെ ഫൈനലിൽ എത്തിയ ഇഗക്ക് ഫൈനലിൽ വെല്ലുവിളി നൽകാൻ 18 സീഡ് ആയ 18 കാരി അമേരിക്കൻ താരം കൊക്കോ ഗോഫിനും ആയില്ല. കളിച്ച ഒമ്പത് ഫൈനലുകളിലും കരിയറിൽ ജയിച്ച ഇഗ ഒരു സെറ്റ് പോലും ഫൈനലുകളിൽ വഴങ്ങിയിട്ടില്ല എന്നത് താരത്തിന്റെ ആധിപത്യം എത്രത്തോളം ഉണ്ട് എന്നതിന് ഉദാഹരണം ആണ്.

20220604 201845

തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം വിജയത്തോടെ ആഷ് ബാർട്ടിയുടെ വിരമിക്കലിനു ശേഷം വനിത ടെന്നീസിലെ ഏറ്റവും വലിയ ശക്തി താൻ ആണെന്ന് ഇഗ ഒരിക്കൽ കൂടി ഉറപ്പിച്ചു. ആദ്യ സെറ്റിൽ തുടർച്ചയായി ബ്രൈക്കുകൾ കണ്ടത്തിയ ഇഗ അനായാസം ആദ്യ സെറ്റ് 6-1 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ എന്നാൽ ബ്രൈക്ക് കണ്ടത്തിയ ഗോഫ് പോരാട്ടത്തിന്റെ സൂചന നൽകി. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ചു രണ്ടു ബ്രൈക്ക് കണ്ടത്തിയ ഇഗ സെറ്റ് 6-3 നു നേടി കിരീടം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. ഫ്രഞ്ച് ഓപ്പണിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങാതെ വന്ന ഗോഫിന് പക്ഷെ ഇഗയുടെ കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ ആയില്ല. പോളണ്ടിനെ ടെന്നീസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇഗയെ തടയാൻ വനിത ടെന്നീസിൽ ആർക്ക് ആവും എന്നത് ആവും ഡബ്യു.ടി.എ ടൂറിലും വരുന്ന വിംബിൾഡണിലും ഏറ്റവും വലിയ ചോദ്യം.