ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 12 തവണ റോളണ്ട് ഗാരോസിൽ ജേതാവ് ആയ രണ്ടാം സീഡ് റാഫേൽ നദാൽ. സീഡ് ചെയ്യാത്ത എതിരാളി ഇഗോർ ഗരസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് താരം തകർത്തത്. നന്നായി സർവീസ് ചെയ്ത നദാൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 ഏസുകൾ ഉതിർത്ത എതിരാളിയെ ലഭിച്ച 5 അവസരങ്ങളിലും ബ്രൈക്ക് ചെയ്തു മത്സരം സ്വന്തം പേരിൽ കുറിച്ചു. 6-4, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. റോം മാസ്റ്റേഴ്സിലെ അപ്രതീക്ഷിത പരാജയം മറന്നു പാരീസിൽ കിരീടം ലക്ഷ്യം വച്ച് തന്നെയാവും നദാൽ കുതിപ്പ് തുടങ്ങിയത്.
എട്ടാം സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത അലക്‌സാണ്ടർ ബുബ്ലിക് ആണ് ഫ്രഞ്ച് താരത്തെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. 12 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മോൻഫിൽസ് എട്ടു തവണയാണ് മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയത്. 4-6, 5-7, 6-3, 3-6 എന്ന സ്കോറിന് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ തോൽവി.
നാട്ടുകാരൻ ആയ സീഡ് ചെയ്യാത്ത നിക്കോള മിലോജെവിച്ചിനോട് തോറ്റ് 26 സീഡ് സെർബിയൻ താരം ഫിലിപ്പ് ക്രാജിനോവിച്ചും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 4 സെറ്റ് പോരാട്ടത്തിൽ 6-4, 3-6, 6-3, 6-1 എന്ന സ്കോറിന് ആയിരുന്നു മിലോജെവിച്ചിന്റെ ജയം. യുച്ചി സുഗിറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 28 സീഡ് കാസ്പർ റൂഡ്, ഫ്രാൻസസ് ടിയഫോയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന 30 സീഡ് യാൻ ലെനാർഡ് സ്ട്രഫ് എന്നിവരും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.