ഫ്രഞ്ച് ഓപ്പണിൽ പുരുഷവിഭാഗത്തിൽ വീണ്ടും അട്ടിമറി. രണ്ടാം റൗണ്ടിൽ ഇത്തവണ ഒമ്പതാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് ആണ് പുറത്ത് ആയത്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം റോബർട്ടോ കാർബല്ലോസ് ബയിനെയോട് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് കനേഡിയൻ യുവതാരം തോൽവി സമ്മതിച്ചത്. 12 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഷപോവലോവ് 8 തവണയാണ് മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയത്. ആദ്യ സെറ്റ് 7-5 നു നഷ്ടമായ ഷപോവലോവ് ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് നേടി. 6-3 മൂന്നാം സെറ്റ് നഷ്ടമായ ശേഷം നാലാം സെറ്റ് 6-3 നു നേടി ഒരിക്കൽ കൂടി ഷപോവലോവ് മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ അവസാന സെറ്റിൽ വിട്ട് കൊടുക്കാതെ പൊരുതിയ സ്പാനിഷ് താരം 8-6 നു സെറ്റ് സ്വന്തമാക്കി മൂന്നാം റൗണ്ട് ഉറപ്പിച്ചു കനേഡിയൻ താരത്തിന് ടൂർണമെന്റിന് പുറത്തേക്കുള്ള വഴി കാണിച്ചു.
അറ്റില ബലാസിനെ 6-3, 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് സ്പാനിഷ് താരം പത്താം സീഡ് റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. അതേസമയം സ്പാനിഷ് താരം അലഹാൻഡ്രോ ഫോകിനയെ നാലു സെറ്റ് മത്സരത്തിൽ ആണ് റഷ്യൻ താരവും പതിമൂന്നാം സീഡുമായ ആന്ദ്ര റൂബ്ലേവ് മറികടന്നത്. 12 ഏസുകൾ ഉതിർത്ത് എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത റൂബ്ലേവ് 7-5, 6-1, 3-6, 6-1 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. അതേസമയം 22 സീഡ് സെർബിയൻ താരം തുസാൻ ലജോവിച്ചിനെ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റെഴ്സൻ അട്ടിമറിച്ചു. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ 6-2, 6-4, 4-6, 3-6, 6-3 എന്ന സ്കോറിന് ആണ് ആന്റെഴ്സൻ ജയം കണ്ടത്.
മൂന്നു ടൈബ്രേക്കറുകൾ കണ്ട നാലു സെറ്റ് പോരാട്ടത്തിൽ ചെക് റിപ്പബ്ലിക് താരം ജിറി വെസലിയെ വീഴ്‌ത്തി പതിനഞ്ചാം സീഡ് റഷ്യൻ താരം കാരൻ കാചനോവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-1, 6-7, 7-6, 7-6 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. അർജന്റീനൻ താരം ഗുഡിയോ പെല്ലയെ 6-3, 6-2, 6-1 എന്ന സ്കോറിന് തകർത്ത 17 സീഡ് പാബ്ലോ കരെനോ ബുസ്റ്റയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആന്ദ്രെജ് മാർട്ടിനെ 6-4, 7-6, 6-1 എന്ന സ്കോറിന് തകർത്തു 18 സീഡ് ഗ്രിഗോർ ദിമിത്രോവും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ട് ഉറപ്പിച്ചു. 20 സീഡ് ക്രിസ്റ്റിയൻ ഗാരിനും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.